മോട്ടോർ വാഹനങ്ങളുടെ വൻപിഴ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി; കേന്ദ്ര നിയമത്തിൽ ഇടപെടാൻ നീക്കം

കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതിയുണ്ട്.

തിരുവനന്തപുരം: മോട്ടോർ വാഹന നിയമത്തിലെ വൻപിഴ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നീക്കം. നിയമ ഭേദഗതിക്കുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായാണ് വിവരം. പിഴ കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വൻപിഴ ഈടാക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.

മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതിയുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് നീക്കം. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.

ഈ പഴുതുപയോഗിച്ച് കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് സംസ്ഥാനം ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

എന്നാൽ കോടതിയിൽ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴയായി ഈടാക്കുന്നത്. ഓണനാളുകളിൽ പരിശോധന കർശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോൺവഴി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി.

Exit mobile version