കണ്ണൂര്‍: നഴ്‌സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഡോക്ടറെ സര്‍വീസില്‍നിന്നുനീക്കി സര്‍ക്കാര്‍ ഉത്തരവ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് സംഭവം. ശസ്ത്രക്രിയാമുറിയില്‍ വെച്ച് നഴ്‌സിനെ ആക്രമിച്ച ജനറല്‍ സര്‍ജറി വിഭാഗം വകുപ്പുമേധാവിയും പ്രൊഫസറുമായ ഡോ. കുഞ്ഞമ്പുവിനെയാണ് സര്‍വ്വീസില്‍ നിന്നും നീക്കിയത്.
സ്റ്റാഫ് നഴ്‌സ് റോസമ്മ മണിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. ജൂണ്‍ 11-നായിരുന്നു സംഭവം.
ശസ്ത്രക്രിയയില്‍ സഹായിയായിരുന്ന റോസമ്മയെ ഡോ. കുഞ്ഞമ്പു ശകാരിക്കുകയും നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ നഴ്‌സിന്റെ കൈക്ക് പരിക്കേറ്റതായും പരാതിയില്‍ പറയുന്നു.
കോളേജ് പ്രിന്‍സിപ്പലിനെയാണ് ഇവര്‍ ആദ്യം പരാതിയുമായി സമീപിച്ചത്. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സമിതി രൂപവത്കരിച്ചു. സമിതിയുടെ ശുപാര്‍ശപ്രകാരം ഡോ. കുഞ്ഞമ്പുവിനെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ നീഡില്‍ ഹോള്‍ഡര്‍ അറിയാതെ നഴ്‌സിന്റെ കൈയില്‍ തട്ടിയതാവാമെന്നും അശ്രദ്ധ ചോദ്യംചെയ്തതിന്റെപേരില്‍ തന്നോടുള്ള ശത്രുതയാണ് പരാതിക്കു പിന്നിലെന്നും ഡോ. കുഞ്ഞമ്പു പ്രതികരിച്ചു.
എന്നാല്‍ ഡോക്ടര്‍ക്ക് സഹപ്രവര്‍ത്തകരോട് പരുഷമായി പെരുമാറുന്ന പ്രവണതയുണ്ടെന്നും നഴ്‌സിനെ അടിച്ചെന്നും സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നഴ്‌സിന് ശാരീരികവും മാനസികവുമായ വിഷമമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടറുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച ബോധ്യപ്പെട്ടതിനാലും മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായമായ 62-നുമുകളില്‍ വയസ്സുള്ളതിനാലും അദ്ദേഹത്തെ സര്‍വീസില്‍നിന്ന് നീക്കംചെയ്യുകയാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Discussion about this post