കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാനത്ത് പ്രക്ഷോഭങ്ങളും എതിര്‍പ്പുകളും ശക്തമായി തന്നെ മുന്പോട്ട് പോയ്കൊണ്ടിരിക്കുകയാണ്. എന്തെല്ലാം വന്നാലും യുവതീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുച്ചിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. അതിന് പരോക്ഷ പിന്തുണയുമായി പല മാധ്യമങ്ങളും ഉണ്ടെന്നതാണ് വാസ്തവം. സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന തേടി 49 ഹര്‍ജികളാണ് കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിയത്. ഇതില്‍ കോടതി നിലപാടും വ്യക്തമാക്കിയിരുന്നു.
പക്ഷേ കോടതി വിധി പൂര്‍ണ്ണമായും അറിയും മുന്‍പേ സ്ത്രീപ്രവേശന വിധിയിക്ക് താത്കാലിക സ്റ്റേ എന്ന തരത്തില്‍ മുഖ്യധാര മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശമനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന് സുഭാഷ് ചന്ദ്രന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വ്യാജ ഉത്തരവുകള്‍ നിര്‍മ്മിച്ചെടുക്കുന്ന സുപ്രീം മാധ്യമപ്രവര്‍ത്തകര്‍ എന്ന തലവാചകം നല്‍കിയാണ് കുറിപ്പിന്റെ ആരംഭം.
തെറ്റുകള്‍ സംഭവിക്കുകയെന്നത് മനുഷ്യസഹജമെന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് അന്തിമ വിധിക്കു ശേഷവും പുന:പരിശോധനാ ഹര്‍ജിക്കും തെറ്റുതിരുത്തല്‍ ഹര്ജിക്കുമെല്ലാം നിയമ സംവിധാനത്തില്‍ ഇടം ലഭിക്കുന്നതെന്ന് സുപ്രീം കോടതി തന്നെ നിരവധി സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. കേവലമൊരു വിധിയെന്നതിനപ്പുറം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ അശാന്തി പടര്‍ത്തുന്ന തരത്തിലേക്ക്, ഒരു പബ്ലിക് ഓര്‍ഡര്‍ ഇഷ്യൂവായി ശബരിമല നിയമ നടപടികള്‍ മാറുമ്പോള്‍ അവധാനതയോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല പുന:പരിശോധനാ ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ചിന്റെ അന്തിമ ഉത്തരവിന് സ്റ്റേ എന്ന വാര്‍ത്ത അറിയാതെ സംഭവിച്ചൊരു കൈപ്പിഴയെന്ന് വിശ്വസിക്കാന്‍ തീര്‍ത്തും ബുദ്ധിമുട്ടുണ്ട്. ഇനി സത്യത്തില്‍ തെറ്റ് സംഭവിച്ചതാണെങ്കില്‍ പിടിക്കപ്പെടും വരെ കാത്തിരിക്കാതെ മാപ്പ് പറഞ്ഞ് തെറ്റുതിരുത്തുന്നതായിരുന്നില്ലേ ന്യായീകരണ പോസ്റ്റുകളിടുന്നതിനേക്കാള് മാന്യതയെന്ന് അദ്ദേഹം തുറന്നടിച്ചോണം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വ്യാജ ഉത്തരവുകള്‍ നിര്‍മ്മിച്ചെടുക്കുന്ന സുപ്രീം മാധ്യമപ്രവര്‍ത്തകര്‍.
‘കോടതി റിപ്പോര്‍ട്ടിംഗില്‍ അഭ്യൂഹങ്ങളും അനുമാനങ്ങളും നിര്‍ബന്ധമായും ഒഴിവാക്കപ്പെടേണ്ടതാണ്’
2010 സെപ്റ്റംബര്‍ 15ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് പുറത്തിറക്കിയ കോടതി റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പ്രത്യേകമാര്ഗ്ഗ നിര്‍ദ്ദേശങ്ങളിലെ (Specific guidelines for reporting court proceedings) മൂന്നാമത്തെ നിര്‍ദ്ദേശമാണ് മേല്‍ സൂചിപ്പിച്ചത്.
‘സൂക്ഷ്മവും വസ്തുതാപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്’
2008 ഡിസംബര്‍ 18 ന് എന്‍ബിഎ തന്നെ പുറത്തിറക്കിയ ‘Guidelines for telecast of news affecting Public Order’ ലെ രണ്ടാമത്തെ നിര്‍ദ്ദേശമാണിത്. (രണ്ടു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഈ പോസ്റ്റിനോടൊപ്പമുള്ള ഫോട്ടോകളിലുണ്ട്)
ശബരിമല വിധിയുമായി ബന്ധപ്പെട്ട് മലയാള ദൃശ്യ മാധ്യമങ്ങളിലെ ചില തലമുതിര്‍ന്ന സുപ്രീം കോടതി റിപ്പോര്‍ട്ടര്‍മാര്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യാജവാര്‍ത്താ നിര്‍മ്മിതിയുടെ പശ്ചാത്തലത്തിലാണ് മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്.
തെറ്റുകള്‍ സംഭവിക്കുകയെന്നത് മനുഷ്യസഹജമെന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് അന്തിമ വിധിക്കു ശേഷവും പുന:പരിശോധനാ ഹര്‍ജിക്കും തെറ്റുതിരുത്തല്‍ ഹര്ജിക്കുമെല്ലാം നിയമ സംവിധാനത്തില്‍ ഇടം ലഭിക്കുന്നതെന്ന് സുപ്രീം കോടതി തന്നെ നിരവധി സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കേവലമൊരു വിധിയെന്നതിനപ്പുറം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ അശാന്തി പടര്‍ത്തുന്ന തരത്തിലേക്ക്, ഒരു പബ്ലിക് ഓര്‍ഡര്‍ ഇഷ്യൂവായി ശബരിമല നിയമ നടപടികള്‍ മാറുമ്പോള്‍ അവധാനതയോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ട്.
ദൗര്‍ഭാഗ്യവശാല്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നു മാത്രമല്ല, സ്വന്തം വിശ്വാസങ്ങള്‍ക്കും നിലപാടുകള്‍ക്കനുസരിച്ച് ശബരിമല പുന:പരിശോധനാ ഹര്‍ജിയിലെ ഉത്തരവിനെ മാറ്റിയെഴുതി, ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ വരെ നല്കാന് ധൈര്യം കാണിച്ചു ഇവരില്‍ പലരും.
മുത്തലാഖ് കേസിലും സൗമ്യ കേസിലെ അന്തിമ വിധിയിലും പുന:പരിശോധനാ ഹര്‍ജിയിലെ ഉത്തരവിലുമെല്ലാം ഉള്‍പ്പടെ ഒരു കൂട്ടം മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച അക്ഷന്തവ്യമായ തെറ്റുകള്‍ പലവട്ടം ചര്‍ച്ച ചെയ്തതല്ലേ നമ്മള്?
ശബരിമല പുന:പരിശോധനാ ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ചിന്റെ അന്തിമ ഉത്തരവിന് സ്റ്റേ എന്ന വാര്‍ത്ത അറിയാതെ സംഭവിച്ചൊരു കൈപ്പിഴയെന്ന് വിശ്വസിക്കാന്‍ തീര്‍ത്തും ബുദ്ധിമുട്ടുണ്ട്. ഇനി സത്യത്തില്‍ തെറ്റ് സംഭവിച്ചതാണെങ്കില്‍ പിടിക്കപ്പെടും വരെ കാത്തിരിക്കാതെ മാപ്പ് പറഞ്ഞ് തെറ്റുതിരുത്തുന്നതായിരുന്നില്ലേ ന്യായീകരണ പോസ്റ്റുകളിടുന്നതിനേക്കാള് മാന്യത?
സംഘപരിവാര്‍ പശ്ചാത്തലമുള്ള ഒരു കൂട്ടം സുപ്രീംകോടതി റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു വരുന്ന ഒരസാധരണ ഐക്യം ‘മീശ’ പോലുള്ള കേസുകളുടെ പരിഗണനാ വേളയില്‍ തന്നെ ശ്രദ്ധിച്ചിരുന്നതാണ്.
സംഘ രാഷ്ട്രീയത്തോട് യോജിപ്പില്ലെങ്കിലും അടങ്ങാത്ത വാര്‍ത്താ ദാഹമുള്ള ചിലരെയെങ്കിലും തന്ത്രപരമായി കെണിയിലാക്കാനും ഈ സംഘത്തിന് സാധിച്ചിട്ടുണ്ട്.
തങ്ങള്‍ സെറ്റ് ചെയ്യുന്ന അജണ്ടകള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൂടെ വിപണനം ചെയ്യുമെന്ന ഇത്തരം സംഘതന്ത്രങ്ങളെ തുറന്നു കാട്ടുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമെന്നു തന്നെ കരുതുന്നു.
പക്ഷെ അറിഞ്ഞോ അറിയാതെയോ ഇവരില്‍ പലരേയും പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഇടതു നേതാക്കളും സഹയാത്രികരുമാണെന്നതാണ് അലോസരപ്പെടുത്തുന്നത്.
Discussion about this post