തിരുവനന്തപുരം: മില്‍മ പാലിന്റെ വില നാല് രൂപ മാത്രം വര്‍ധിപ്പിച്ചത് തീര്‍ത്തും അപര്യാപ്തമാണെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്. ഇത് ക്ഷീരകര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അസോസിയേഷന് പറഞ്ഞു. പശുക്കളെ പോറ്റാന്‍ ഭീമമായ ചെലവ് നേരിടുന്ന ഈ കാലഘട്ടത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ സഹായം വേണമെന്നും അസോസിയേഷന് പറഞ്ഞു.
മില്‍മാ പാലിന് നാല് രൂപ കൂട്ടാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. ക്ഷീരവികസനവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.
ഇളം നീല കവര്‍ പാല് ലിറ്ററിന് 40 രൂപ ഉള്ളത് 44 ആകും. കടും നീല കവര്‍ പാല് ലിറ്ററിന് 41 രൂപ ഉള്ളത് 45 ആകും. പുതുക്കിയ വിലയുടെ 83.75% കര്ഷകന് നല്‍കും. മൂന്നു രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി കിട്ടും.
എന്നാല്‍ ഈ വര്‍ധനവ് തീര്‍ത്തും അപര്യാപ്തമാണെന്നാണ് മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്റെ വാദം. പ്രളയമടക്കമുള്ള സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം വില നിര്‍ണയം നടത്തണമെന്നാണ് അസോസിയേഷന് വാദിക്കുന്നത്.
ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. എന്നാല്‍ അത് സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് നാല് രൂപ കൂട്ടിയത്. 2017 ഫെബ്രുവരിയിലാണ് അവസാനമായി മില്‍മ പാലിന് വില കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകനാണ് ലഭിച്ചത്.
Discussion about this post