മാവേലിക്കര: കായംകുളത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണ് സദാചാര പോലീസ് ചമഞ്ഞെത്തിയ യുവാക്കളുടെ ആക്രമണം. ഇരുവരും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ അച്ചന്‍കോവിലാറിന്റെ തീരത്തു കണ്ടിയൂര്‍ കടവിലാണ് സംഭവം.
വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യക്കും ഭാര്യാ സഹോദരന്‍ അഭിജിത്തിനുമൊപ്പം ടിക്കറ്റ് സംബന്ധിച്ച കാര്യത്തിനായി മാവേലിക്കരയിലെത്തുകയായിരുന്നു. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞതോടെ മൂവരും കണ്ടിയൂര്‍ കടവിലെത്തി. തുടര്‍ന്ന് കടവില്‍ ഉണ്ടായിരുന്ന ഒരാള്‍ സദാചാര പോലീസ് ചമഞ്ഞു ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായി. ശേഷം ഇയാള്‍ അറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ യുവാക്കള്‍ ശിവപ്രസാദിനെയും ഭാര്യയേയും മര്‍ദിക്കുകയായിരുന്നു.