അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ അധിക വില ഈടാക്കിയ ഹോട്ടലുകള്‍ക്ക് നോട്ടീസ്. അമ്പലപ്പുഴ കളര്‍കോട് ജംങ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഹോട്ടലിനാണ് നോട്ടീസ് നല്‍കിയത്. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ എ സലിമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അമിത വില ഈടാക്കുന്നത് കണ്ടെത്തിയത്. ഓണം പ്രമണിച്ച് നടത്തിയ പരിശോധനയാണ് ഹോട്ടലുകളുടെ തട്ടിപ്പ് കണ്ടെത്തിയത്.
അമ്പലപ്പുഴ കച്ചേരിമുക്ക്, കിഴക്കേ നട, കളര്‍കോട്, പഴവീട് ,മുല്ലക്കല്‍ എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്ക്, പച്ചക്കറി തുടങ്ങിയ 29 ഓളം കടകളിലും പരിശോധന നടത്തി. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത 4 പലചരക്ക് കടകള്‍, 2 ഹോട്ടല്‍, ഒരു ബേക്കറി എന്നിവക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ചായക്ക് 17, കോഫി 22, വട 16, കട്ടന്‍ ചായ 12, ദോശ 17, അപ്പം 17 മസാല ദോശ 70 രൂപ എന്നീ നിരക്കിലാണ് വെജിറ്റേറിയന്‍ ഹോട്ടലില്‍ വില ഈടാക്കുന്നത്.