തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളും പിഎസ്സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രതികളുമായ പ്രണവും സഫീറും കോടതിയിൽ കീഴടങ്ങി. മുഖ്യപ്രതികളാണ് ഇരുവരും. തിരുവനന്തപുരം സിജെഎം കോടതിയിൽ കീഴടങ്ങിയത്. അറസ്റ്റ് ഒഴിവാക്കാൻ ഇരുവരും കോടതിയിൽ ഓടിക്കയറുകയായിരുന്നു.
രണ്ടാംപ്രതിയായ പ്രണവ് പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണെന്നാണ് മറ്റുപ്രതികളുടെ മൊഴിയിൽ നിന്നും വ്യക്തമായിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ പ്രണവും നസീമും ശിവരഞ്ജിത്തും പിഎസ്സി റാങ്ക് പട്ടികയിൽ ഇടംനേടിയത് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
സിം ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ചാണ് ഇവർ പരീക്ഷയിൽ തട്ടിപ്പുനടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. സൈബർ സെല്ലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്‌കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപ്പേപ്പർ ഇമേജ് രൂപത്തിൽ പുറത്തെത്തിച്ചിരിക്കാനാണു സാധ്യതയെന്ന് അധികൃതർ പറഞ്ഞു.
തട്ടിപ്പു നടത്തിയവരുടെ സുഹൃത്തുക്കൾ തിരിച്ച് ഉത്തരങ്ങൾ സന്ദേശങ്ങളാക്കി വാച്ചിലേക്ക് അയച്ചു. പരീക്ഷാസമയത്ത് പ്രണവിനു സന്ദേശമയച്ച സുഹൃത്തും നാട്ടുകാരനുമായ ഗോകുൽ എസ്എപി ക്യാമ്പിലെ പോലീസുകാരനാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
Discussion about this post