തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. മഴയും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് 35 സെന്റിമീറ്ററില്‍ നിന്ന് 50 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ കരമനയാറിന് തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് മൂന്നാം വട്ടമാണ് ഡാമില്‍ നിന്ന് ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ തുടര്‍ന്നാല്‍ പെട്ടന്ന് ഡാം തുറക്കേണ്ട സാഹചര്യം ഒഴുവാക്കാനാണ് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറ് ഇഞ്ച് തുറന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് ഷട്ടറുകള്‍ തുടക്കുന്നത്. തുടര്‍ന്നുള്ള നീരൊഴുക്ക് അനുസരിച്ച് 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യതയുണ്ട്. നെയ്യാറിന്റെ തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
തുടരെയുള്ള മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് ഷട്ടറുകള്‍ തുറക്കുന്നത്. കഴിഞ്ഞ ദിവസം ഡാം ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു. നിലവില്‍ ജലനിരപ്പ് 114.09 മീറ്റര്‍ ആയ സാഹചര്യത്തിലാണ് ഡാം ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കിട്ടുണ്ട്. ഡാമിലെ പരമാവധി ജലനിരപ്പ് 115.06 മീറ്റര്‍ ആണ്.