ആലപ്പുഴ: ശബരിമല പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാജാവ്, തന്ത്രി, സമുദായം എന്നീ ത്രിമൂര്‍ത്തികളാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല പ്രതിഷേധക്കാരുടെ മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചങ്കു പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് ഇവര്‍ പറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടാം വിമോചന സമരത്തിന്റെ മറ്റൊരു മുഖമാണിത്. സര്‍വകക്ഷി യോഗത്തിന് എസ്എന്‍ഡിപി യോഗത്തെ വിളിക്കണമെന്നു നിര്‍ബന്ധമില്ല. കമ്യൂണിസ്റ്റ് സര്‍ക്കാരാണെന്നു കരുതി ആത്മീയതയെ വിപണനം ചെയ്യാന്‍ മറ്റുള്ളവര്‍ ശ്രമിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അന്ന് വിമോചന സമരത്തില്‍ എസ്എന്‍ഡിപി നേതാവ് കൂടിയായിരുന്ന ആര് ശങ്കറിനെ ഉപയോഗിച്ചുവെങ്കിലും സമുദായത്തിന് ഒരു നേട്ടവും ഉണ്ടായില്ല.
എന്‍എസ്എസ് സര്‍വാധിപത്യത്തിനാണ് ശ്രമിക്കുന്നത്. വിഷസര്‍പ്പങ്ങളെ വിളിച്ചിരുത്തി സമാധാനത്തിനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. ശബരിമലയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ ബിഡിജെഎസ് ഉള്‍പ്പെടെയുള്ളവര്‍ സമരപരിപാടികള്‍ നിര്‍ത്തണം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post