തിരുവനന്തപുരം: സഹോദരൻ ശ്രീജിത്തിന്റെ സമരത്തോടെ കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ പാറശ്ശാല സ്വദേശിയായ ശ്രീജിവിന്റെ മരണത്തിലെ സിബിഐ റിപ്പോർട്ട് കോടതി തള്ളി. ശ്രീജിവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതല്ലെന്ന സിബിഐ റിപ്പോർട്ടാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയത്. ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ് സിബിഐ അറിയിച്ചത്.
എന്നാൽ, കേസ് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടിനൊപ്പം ഹാജരാക്കേണ്ടിയിരുന്ന പതിനഞ്ചോളം പ്രധാന രേഖകൾ സിബിഐ ഹാജരാക്കിയില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ചാണ് കോടതി റിപ്പോർട്ട് തള്ളിയത്. ശ്രീജിവ് പോലീസ് കസ്റ്റഡിയിൽ വിഷംകഴിച്ചു മരിച്ചെന്ന പോലീസ് നിഗമനത്തെ സിബിഐയും ശരിവച്ചിരുന്നു. എന്നാൽ, ശ്രീജിവിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ശ്രീജിവിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് വർഷങ്ങളായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുകയാണ്.
ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് സിബിഐ അന്വേഷിച്ചത്. വർഷങ്ങളായി നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ പൊതുസമൂഹവും സോഷ്യൽമീഡിയയും ഏറ്റെടുത്തതോടെ സർക്കാർ സിബിഐ അന്വേഷണം ശരിവെയ്ക്കുകയായിരുന്നു.
2014 മേയ് 21-നാണ് ശ്രീജിവ് മരിച്ചത്. പോലീസ് ലോക്കപ്പിലായിരുന്ന പ്രതി, അടിവസ്ത്രത്തിനുള്ളിൽ ഒളിച്ചുകടത്തിയ വിഷം കഴിച്ചു മരിച്ചെന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്. എന്നാൽ, പോലീസ് മർദ്ദനത്താലാണ് ശ്രീജിവ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കൾ ആരോപിച്ചത്.
Discussion about this post