ഇടുക്കി: ഓണത്തിന് സംസ്ഥാനത്തേക്ക് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കൃത്രിമ പാല്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ക്ഷീരവകുപ്പ്. ഇതേതുടര്‍ന്ന് കുമളി, പാലക്കാട്ടെ മീനാക്ഷി പുരം അടക്കമുള്ള ചെക്ക്‌പോസ്റ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും സജ്ജമാക്കിയിട്ടുണ്ട്.
സാധാരണ ദിവസങ്ങളില്‍ കുമളി ചെക്ക് പോസ്റ്റ് വഴി നാലും അഞ്ചും പാല്‍ ടാങ്കറുകളാണ് തമിഴ്‌നാട്ടില്‍ നിന്നും വരാറുള്ളത്. ഓണക്കാലമായാല്‍ ഇവയുടെ എണ്ണം പത്തും പതിനഞ്ചുമൊക്കയാവും. കൊള്ളലാഭം മോഹിച്ച് ഒരാഴ്ചയോളം കേടുകൂടാതിരിക്കാന്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ എത്തുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം കൃത്രിമ പാല്‍ പിടിച്ചെടുത്താല്‍ നടപടി എടുക്കാന്‍ ക്ഷീരവകുപ്പിന് അധികാരമില്ല. പാലും, വാഹനവും ഭക്ഷ്യവകുപ്പിന് കൈമാറുകയാണ് പതിവ്. ഇത് കാരണം ശിക്ഷാ നടപടികള്‍ എടുക്കാന്‍ കാലതാമസമുണ്ടാക്കുമെന്നും നടപടി എടുക്കാനുള്ള അധികാരം കൂടി ലഭിച്ചാല്‍ മാത്രമേ ഇത് കൊണ്ടുള്ള പ്രയോജനമുള്ളുവെന്നാണ് ക്ഷീരവകുപ്പ് പറയുന്നത്.
Discussion about this post