മുംബൈ: വൃശ്ചികം ഒന്നിന് ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ…
മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തന്റെ ഭക്ഷണ, താമസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും അയച്ച കത്തില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വണ്ടി, കോട്ടയത്ത് താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, പ്രൊട്ടക്ഷന്‍ പുറമേ താമസത്തിന്റേയും ഭക്ഷണത്തിന്റേയും മൊത്തം ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും കത്തില്‍ തൃപ്തി ദേശായി ആവശ്യപ്പെടുന്നു.
പതിനേഴാം തീയതി രാവിലെ ശബരിമലയിലെത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചത്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമേ കേരളാ ഡിജിപി, മഹാരാഷ്ട്ര മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്.
ശബരിമലയില്‍ പ്രവേശിക്കുമെന്ന് തീരുമാനമെടുത്തതിനു പിന്നാലെ വലിയ തോതിലുള്ള ഭീഷണികളാണ് തനിക്കുനേരെ ഉയരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ 3000ത്തോളം ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചത്. ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കത്ത് നല്‍കുന്നതെന്ന് അവര്‍ പറയുന്നു.
ശബരിമല ദര്‍ശിക്കാതെ താന്‍ മടങ്ങിപ്പോകില്ല എന്നും മടങ്ങിപ്പോകുന്ന ടിക്കറ്റ് താന്‍ ബുക്ക് ചെയ്തിട്ടില്ലെന്നും അവര്‍ അറിയിച്ചു. ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ കഴിയുന്നതുവരെ കേരളത്തില്‍ തുടരാനാണ് തന്റെ തീരുമാനമെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്നാണ് എത്തുക എന്ന് പറഞ്ഞിരുന്നില്ല.
സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രെയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന കോടതിവിധിക്ക് പിന്നാലെയാണ് തൃപ്തിയുടെ പ്രഖ്യാപനം.
Discussion about this post