തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ മ്യൂസിയം സിഐ ജി സുനിലിന് സ്ഥലംമാറ്റം. കാസര്‍കോട് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.
മദ്യലഹരിയില്‍ കാറോടിച്ച് ബഷീറിനെ കൊന്ന ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് സഹായകരമായ നിലപാടാണ് തുടക്കം മുതല്‍ പോലീസ് സ്വീകരിച്ചിരുന്നത്.
ബഷീര്‍ കൊല്ലപ്പെട്ട ദിവസം മ്യൂസിയം സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്നത് സിഐ സുനിലിനായിരുന്നു. എന്നാല്‍ അപകടം നടന്ന് ശ്രീറാമിനെ സ്റ്റേഷനിലെത്തിച്ചോള്‍ സി ഐ സ്റ്റേഷനിലില്ലായിരുന്നു. രാത്രിതന്നെ ഇയാളെ സഹപോലീസുകാര്‍ വിവരം അറിയിച്ചെങ്കിലും അപകടം നടന്ന് ഏഴ് മണിക്കൂറിന് ശേഷമാണ് തലസ്ഥാനത്ത് തന്നെയുണ്ടായിരുന്ന സുനില്‍ സ്റ്റേഷനിലെത്തിയത്.
ചുമതലയുണ്ടായിരുന്ന സിഐയുടെ അുനുമതിയില്ലാതെ ക്രൈം എസ്‌ഐ കേസില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. രക്ത പരിശോധന വൈകിപ്പിച്ച് ശ്രീറാമിന് രക്ഷപ്പെടാന്‍ അനുവദിച്ചതും സിഐ സുനില്‍ അടക്കമുള്ള പോലീസുകാരുടെ വീഴ്ചയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും ശ്രീറാമിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചതും പോലീസിന്റെ വീഴ്ചയായിരുന്നു.