തൃശ്ശൂര്‍: താന്‍ ഒളിവിലല്ലെന്നും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ. യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയതിന് പിന്നാലെയാണ് ജാസ്മിന്‍ഷായുടെ വിശദീകരണം.
താന്‍ കുടുംബത്തോടൊപ്പം ഖത്തറില്‍ വെക്കേഷന് ആഘോഷിക്കുകയാണെന്നും എന്നാല്‍, അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും ജാസ്മിന്‍ഷാ ഫേസ്ബുക്കില്‍ കുറിച്ചു. അന്വേഷണ സംഘം വിളിപ്പിച്ചപ്പോഴല്ലാം ഹാജരായിട്ടുള്ളതും മൊഴികളും, രേഖകളും നല്കിയിട്ടുള്ളതുമാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ രാജേഷ് മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നതെന്നും ജാസ്മിന്‍ഷാ പറയുന്നു.
യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു.