തിരുവനന്തപുരം: പെരിങ്ങമല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം അതിരുവിട്ടു. കോളേജിന് പുറത്ത് ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി ഓപ്പണ്‍ ജീപ്പ് അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരെ പാലോട് പോലീസ് കേസെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി നൂറിലധികം വണ്ടികളില്‍ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച നടന്ന ഓണാഘോഷത്തിനിടെയായിരുന്നു സംഭവം.
ആഘോഷത്തിന്റെ മറവില്‍ ബൈക്ക് റേസിങ്ങും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തതിന് കണ്ടാലറിയാവുന്ന നൂറോളം വിദ്യാര്ഥികള്ക്കെതിരേ പോലീസ് കേസെടുത്തു. ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കോളേജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ പ്രതികരിച്ചു. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ പ്രിന്‍സിപ്പാള്‍മാര്‍ നടപ്പാക്കണമെന്ന് കെടി ജലീല്‍ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരിച്ചതിന് ശേഷം ആഘോഷങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം കൊണ്ടുവന്നിരുന്നു.