ഓണം നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കി സംസ്ഥാന സര്‍ക്കാര്‍; സപ്ലൈകോ വിലവിവരപ്പട്ടിക പുറത്ത് വിട്ട് മുഖ്യമന്ത്രി

പ്രളയം ബാധിക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കുറിച്ചു.

തിരുവനന്തപുരം: കേരളത്തെ നാമവശേഷമാക്കിയ രണ്ടാം പ്രളയത്തില്‍ നിന്ന് കരകയറി വരികയാണ് ഇന്ന് നാം. എല്ലാ സങ്കടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കിടയിലും ഇന്ന് ഒരു ആഘോഷം കൂടി എത്തിയിരിക്കുകയാണ്. പത്ത് ദിവസം കൊണ്ടാടുന്ന ഓണത്തിന്റെ ലഹരിയിലാണ് ഇന്ന് മലയാള മണ്ണ്. എല്ലാ സങ്കടങ്ങളും മാറ്റിവെച്ച് ഓണം കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. അതിനായി സംസ്ഥാന സര്‍ക്കാരും കൂടി കൈകോര്‍ത്തപ്പോള്‍ ഓണം കൊണ്ടാടാന്‍ ജനങ്ങള്‍ക്ക് ആശ്വാസമായി.

മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഓണവിപണിയില്‍ ഇടപെട്ട് സൗകര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം എന്ന തലക്കെട്ടോടെയാണ് സപ്ലൈകോ വിലവിവരപ്പട്ടിക ഉള്‍പ്പടെ മുഖ്യമന്ത്രി പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പ്രളയം ബാധിക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണം. വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ഇത്തവണയും ചെയ്യുന്നത്. ഇതിനായി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കിയിട്ടുണ്ട്.

ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകള്‍ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്കറ്റുകളും സ്‌പെഷ്യല്‍ മിനി ഫെയറുകളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ഈ ഓണചന്തകളില്‍ ലഭ്യമാണ്. സപ്ലൈക്കോ മാര്‍ക്കറ്റില്‍ പ്രധാന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പാലിക്കുന്നുണ്ട്. ചില സാധനങ്ങളുടെ വില കുറക്കുകയും ചെയ്തു. പ്രളയം ബാധിക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Exit mobile version