എറണാകുളം: യുവവ്യവസായി പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രന് ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഒരാള്‍ ഒഴികെ എല്ലാവരേയും വെറുതെ വിട്ടത്.
ഒന്നാം പ്രതി ജയചന്ദ്രന്, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയില്ല. സിബിഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.
2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 13 പ്രതികളില്‍ ഒമ്പത് പേരെ ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. നാലുപേരെ മൂന്നുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ആര് രഘു ശിക്ഷിച്ചത്.
2009 ഓഗസ്റ്റ് 21-ന് രാത്രിയാണ് നെടുമുടി പൊങ്ങയില്‍ വച്ച് പോള്‍ എം ജോര്‍ജിനെ ഈ സംഘം കൊലപ്പെടുത്തിയത്. 14 പേര് പ്രതികളായ കേസില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും നാല് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. മൂന്ന് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നതാണ്.
Discussion about this post