തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതിപ്രകാരം ഇതുവരെ നിരവധി പേര്‍ക്കാണ് പിഴ അടയ്‌ക്കേണ്ടതായി വന്നിട്ടുള്ളത്. നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് പലരില്‍ നിന്നും വലിയ തുക ഈടാക്കിയത്. ഇപ്പോള്‍ അമിതഭാരം കയറ്റി വന്ന ടിപ്പര്‍ലോറിക്കാണ് പണി കിട്ടിയിരിക്കുന്നത്. 62,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് എംസാന്‍ഡുമായി വന്ന ലോറിയാണ് ചാക്ക ഭാഗത്തുവെച്ച് പിടിയിലായത്.
28 ടണ്‍ ഭാരം കയറ്റാവുന്ന ലോറിയില്‍ 49 ടണ്‍ ഭാരം നിറച്ചായിരുന്നു ലോറിയുടെ വരവ്. അമിതഭാരം കയറ്റിയതിനുള്ള കുറഞ്ഞ പിഴയായ 20,000 രൂപയ്ക്കുപുറമേ അധികമുള്ള 21 ടണ്ണിനും രണ്ടായിരം രൂപവച്ച് പിഴ ചുമത്തുകയായിരുന്നു. ആകെ മൊത്തത്തില്‍ 62,000 രൂപ അടയ്‌ക്കേണ്ടതായി വന്നു. പിഴ അടച്ചതിന് ശേഷമാണ് വണ്ടി വിട്ടു കൊടുത്തത്.
ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ച് തമിഴ്‌നാട്ടില്‍ നിന്ന് അമിതഭാരവുമായി എത്തിയ അഞ്ച് ലോറികള്‍ ഇതിനുപുറമേ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഇവയില്‍ നിന്നെല്ലാം അരലക്ഷം രൂപവീതം പിഴ ഈടാക്കിയിട്ടുണ്ട്. അമിതഭാരം കയറ്റിയ ലോറികള്‍ റോഡിന് ഭീഷണിയാകുന്നതിലുമപ്പുറം അപകടത്തിനും ഇടയാക്കും. അമിതഭാരം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കും. ഈ സാഹചര്യത്തിലാണ് പിഴയീടാക്കുന്നത്, ബോഡിക്കു കൃത്രിമമായി ഉയരം കൂട്ടിയാണ് കൂടുതല്‍ ഭാരം കയറ്റുന്നത്.