കോട്ടയ്ക്കല്‍: കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ദുരന്തങ്ങളും കേരളത്തില്‍ രണ്ട് വര്‍ഷമായി ഉണ്ടായ വെള്ളപ്പൊക്കവും പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമെന്ന് പറയാന്‍ സാധിക്കില്ലെന്ന് പരിസ്ഥിതിശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍. കഴിഞ്ഞവര്‍ഷം ചാലക്കുടി പുഴയിലെ വെള്ളത്തിന്റെ തോതും മറ്റും പഠിക്കുന്ന റിവര്‍ റിസര്‍ച്ച് സെന്ററിന്റെയും പഞ്ചായത്തുകളുടെയും മുന്നറിയിപ്പ് അവഗണിച്ചതാണ് ചാലക്കുടി പുഴ കരകവിഞ്ഞതും ശേഷമുണ്ടായ പ്രളയവുമെന്ന് അദ്ദേഹം പറയുന്നു.
അശാസ്ത്രീയമായി നിര്‍നമ്മിച്ച റോഡുകളും കെട്ടിടങ്ങളും വലിയ യന്ത്രങ്ങളുപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതുമെല്ലാം ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറയുന്നു. കൂടാതെ കേരളത്തില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളെ ക്വാറികളുടെ നടത്തിപ്പ് ഏല്‍പ്പിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്വം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. പ്രകൃതിദുരന്തങ്ങള്‍ വളരെ സങ്കീര്‍ണങ്ങളായ കാരണങ്ങളാല്‍ ഉണ്ടാവുന്നതാണ്. ഏതെങ്കിലും ഒരു പ്രത്യേക കാരണംകൊണ്ടാണ് അവയുണ്ടാവുന്നതെന്ന് പറയാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍;
‘പ്രകൃതിദുരന്തങ്ങള്‍ വളരെ സങ്കീര്‍ണങ്ങളായ കാരണങ്ങളാല്‍ ഉണ്ടാവുന്നതാണ്. ഏതെങ്കിലും ഒരു പ്രത്യേക കാരണംകൊണ്ടാണ് അവയുണ്ടാവുന്നതെന്ന് പറയാനാവില്ല. തീര്‍ച്ചയായും മനുഷ്യനിര്‍മിതമായ ഘടകങ്ങളും ഇതിനു കാരണമായി മാറിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ചാലക്കുടി പുഴയിലെ വെള്ളത്തിന്റെ തോതും മറ്റും പഠിക്കുന്ന റിവര്‍ റിസര്‍ച്ച് സെന്ററിന്റെയും പഞ്ചായത്തുകളുടെയും മുന്നറിയിപ്പ് അവഗണിച്ചതാണ് ചാലക്കുടി പുഴ കരകവിയുവാനും വെള്ളപ്പൊക്കമുണ്ടാവാനും കാരണമായത്.
അശാസ്ത്രീയമായി നിര്‍മ്മിച്ച റോഡുകളും കെട്ടിടങ്ങളും വലിയ യന്ത്രങ്ങളുപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതുമൊക്കെ ദുരന്തത്തിനു കാരണങ്ങളാണ്. കേരളത്തില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളെ ക്വാറികളുടെ നടത്തിപ്പ് ഏല്‍പ്പിക്കാവുന്നതാണ്. സമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്വം ഇവര്‍ക്കുണ്ടാവും. ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവിട്ടാല്‍ മണ്ണിടിച്ചിലിനും മറ്റും കാരണമാവും. ക്വാറികള്‍ പരിധി വിടുന്നുണ്ടോയെന്ന കാര്യം ജനങ്ങള്‍ വിലയിരുത്തുകയും ഇടപെടുകയുംവേണം.
പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിലോല മേഖലകളില്‍ തങ്ങള്‍ മുന്നോട്ടുവെച്ച റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജനജീവിതം ദുസ്സഹമാവുമെന്നത് തെറ്റിദ്ധാരണയാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതുപോലെ നടപ്പാക്കണമെന്ന് പറയുന്നില്ല; അദ്യം റിപ്പോര്‍ട്ടിന്റെ മലയാളപരിഭാഷ പശ്ചിമഘട്ട മലനിരകളിലെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കണം. പിന്നീട് ജനങ്ങള്‍ ഇടപെട്ട് അവരുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയാകും. സ്വീകരിക്കേണ്ടത് സ്വീകരിച്ച് അവഗണിക്കാം.’
Discussion about this post