തൃശ്ശൂര്‍: കുഞ്ഞു കുട്ടികളുടെ കുസൃതി കണ്ടിരിക്കാന്‍ തന്നെ ഒരു രസമാണ്. അത്തരത്തിലുള്ള കുസൃതി തരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയാല്‍ വൈറലാകുവാന്‍ അധിക നേരം ഒന്നും വേണ്ട. അതുപോലെ ഒരു കുസൃതിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുക്കലിലേയ്ക്ക് കപ്പുമായി ചെന്ന് ചായ ചോദിക്കുന്ന കുരുന്നാണ് ഇവിടെ താരം. കെഞ്ചിയും മുഖത്തടിച്ചും ഉമ്മ കൊടുത്തും അച്ഛനെ മയക്കുകയാണ് അവള്. ശേഷം അല്‍പ്പം ചായ വേടിക്കുന്നുമുണ്ട്. എന്നാല്‍ പിന്നെയും പിന്നെയും ചായ ചോദിച്ച് ചെല്ലുകയാണ് ഈ കുസൃതി കുരുന്ന്. ഇത് അച്ഛനും തലവേദനയായി.
തറയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്ന പപ്പയുടെ അടുത്തേക്ക് ഒരു കാലി ഗ്ലാസുമായാണ് ഈ കുഞ്ഞാവ വന്നത്. വെറുതെ പപ്പയ്ക്ക് നേരെ ഗ്ലാസ് നീട്ടുക മാത്രമല്ല, പപ്പാ ചായ താ എന്ന് പറയുന്നു കൂടിയുണ്ട് അവള്. ഇത് പപ്പേടെ ചായയല്ലേ എന്ന് പപ്പ പറഞ്ഞപ്പോള്‍ അവള്‍ക്ക് ആദ്യം ദേഷ്യം വന്നു. അപ്പോ പപ്പയ്ക്കിട്ട് ആദ്യം ഒരടി, പിന്നെ ചെയ്തത് ശരിയായില്ലെന്ന് തോന്നിയപ്പോള്‍, സോപ്പിടാനായി മുഖം മുഴുവന്‍ ഉമ്മകള്‍ കൊടുത്ത് മയക്കി..
അവസാനം ഒരല്പം ചായ, പപ്പ ആ കാന്താരി പെണ്ണിന് കൊടുത്തു. കൂടെ ഒരു ഉപദേശവും, ജ്യൂസ് കുടിക്കുന്ന പോലെയല്ല, ചായ കുടിക്കേണ്ടത് എന്ന്. ആ ഉപദേശം ആ വികൃതിക്ക് അത്ര ഇഷ്ടായില്ല.. ഉപദേശിക്കുന്നതിനിടെ പപ്പ അവള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയിരുന്നു. ആ വിരലില്‍ പിടിച്ച് നല്ല കടി കൊടുത്തു. ഒന്നല്ല രണ്ട് തവണ… വീണ്ടും ഒരല്പം കൂടി ചായ ഗ്ലാസിലേക്ക് ഒഴിച്ച് കൊടുത്ത്, ഒറ്റവലിക്ക് പപ്പ ചായ കുടിച്ച് തീര്‍ത്തു. ചായ തീര്‍ന്നെന്ന് കണ്ടപ്പോള്‍ കുഞ്ഞാവയ്ക്കും സന്തോഷം.. കാലിയായ രണ്ട് ഗ്ലാസുമായി ആള് അകത്തേക്ക് പോയി. സംഭവം ഏതായാലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
‘കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു…തീര്‍ത്തും യാദൃശ്ചികമായിരുന്നു…’ എന്ന കുറിപ്പോടെ മുഹമ്മദ് ഹനീഫ് എന്ന യുവാവ് ആണ് ഈ വീഡിയോ പങ്കുവച്ചത്. അലൈന മര്‍ജാന്‍ എന്നാണ് ഈ കാന്താരിയുടെ പേര്.
വീഡിയോ വൈറലായതിനെ കുറിച്ച് മുഹമ്മദ് ഹനീഫ് പറയുന്നു;
വീഡിയോ എടുത്തത് ഭാര്യയാണ്. ആ വീഡിയോ കണ്ടപ്പോള്‍ അതില്‍ ഒരു ക്യൂട്ട് നെസ്സ് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. എഫ് ബിയില്‍ ഇടയ്ക്ക് ചിലതൊക്കെ കുത്തിക്കുറിച്ച് സജീവമായി നില്ക്കുന്ന ഒരാളാണ് ഞാന്‍. ഇത് ഇട്ടാല്‍ രസായിരിക്കും എന്ന് എനിക്ക് തോന്നി… അതിന് ഒരു വൈറല്‍ മനോഭാവം ഉണ്ടെന്നൊന്നും കരുതിയല്ല ഇട്ടത്. പക്ഷേ, വീഡിയോ കൈയ്യീന്ന് പോയി.. എത്രയോ ഫോണ്‍ കോളുകളാണ് വന്നത്. എത്രയോ മെസേജുകള്‍ വരുന്നു.
ഒരുപാട് സ്നേഹം നിറഞ്ഞ കമന്റുകള്‍ വരുന്നു. എല്ലാവരും മോളോട് ആശംസകള്‍ അറിയിക്കാന്‍ പറയുന്നു.. സത്യത്തില്‍ ഇതെല്ലാം വല്ലാതെ മനസ്സ് നിറയ്ക്കുന്നുണ്ട്. ഈ വീഡിയോ കണ്ടാല്‍ അവള് ഒരു കുറുമ്പിപ്പെണ്ണാണെന്ന് തോന്നുമെങ്കിലും സത്യത്തില്‍ ആള് പാവമാണ്.. സാധുവാണ്.. ഭയങ്കര സ്നേഹമാണ്.. നല്ല ലവ്വിംഗായ കുട്ടിയാണ്. ഞാനുമായി ഭയങ്കര അറ്റാച്ച്ഡ് ആണ്.
Discussion about this post