തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. കസ്റ്റഡി മരണത്തിന് പോലീസിനെതിരെ തെളിവില്ല. ശ്രീജിവിന്റേത് ആത്മഹത്യയാണെന്ന് കാണിച്ച് സിബിഐ സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം, ശ്രീജിവിന് നീതി ലഭിക്കുന്നത് വരെ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം തുടരുമെന്ന് സഹോദരന് ശ്രീജിത്ത് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശ്രീജിത്ത് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 24 നാണ് ശ്രീജിവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കുന്നത്. സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തിവന്ന ഒറ്റയാള്‍ പോരാട്ടമാണ് അന്വേഷണം സിബിഐയിലേക്ക് എത്തിച്ചത്. ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പോലീസുകാര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസമാണ് സഹോദരന് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയത്.
സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കേരളത്തിന്റെയൊന്നാകെ ശ്രദ്ധ നേടിയ സമരമായിരുന്നു ശ്രീജിത്തിന്റേത്. സെക്രട്ടേറിയറ്റിന് മുന്നില്‍ രണ്ടു വര്‍ഷത്തിലധികമായി സമരം ചെയ്ത ശ്രീജിത്തിന് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കേരള ജനത വലിയ പിന്തുണ നല്കി.
2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജിവിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 21 ന് ഇയാള്‍ മരിക്കുകയായിരുന്നു. ലോക്കപ്പില്‍ വച്ച ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറഞ്ഞത്.
എന്നാല്‍, അയല്‍വാസിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീജീവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.