കാക്കനാട്: റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനോട് അമിത യാത്രാക്കൂലി വാങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് മൂന്ന് ദിവസം ആശുപത്രി സേവനം ചെയ്യാന്‍ ഉത്തരവിട്ട് ആര്‍ടിഒ. 28 രൂപയുടെ വഴിക്ക് 40 രൂപ ഈടാക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഇടപ്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷന് പരിസരത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പിസി കുര്യച്ചനാണ് പണി കിട്ടിയത്. 25 മുതല്‍ 27 വരെ ജനറല്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കാനാണ് ആര്‍ടിഒയുടെ ഉത്തരവ്.
ഡ്രൈവറുടെ അഭ്യര്‍ത്ഥന മാനിച്ച് ആശുപത്രി സേവനം ഓണത്തിനു ശേഷമാക്കി നല്‍കുകയായിരുന്നു. കഴിഞ്ഞ 23ന് ഓട്ടം വിളിച്ച യാത്രക്കാരനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ് ദുരനുഭവം ഉണ്ടായത്. മീറ്ററില്‍ തെളിഞ്ഞത് 28 രൂപയായിരുന്നു. ശേഷം അദ്ദേഹം 30 രൂപ കൊടുക്കുകയും ചെയ്തു. എന്നാല്‍ 40 രൂപ വേണമെന്ന് ഓട്ടോ ഡ്രൈവര്‍ തീര്‍ത്തും പറയുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തെ ഓട്ടോ ഡ്രൈവര്‍ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരനായ അദ്ദേഹം ആര്‍ടിഒ കെ മനോജ്കുമാറിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്നു ബോധ്യപ്പെട്ടു. ഓട്ടോ ഡ്രൈവറെ വിളിച്ചു വരുത്തിയ ആര്‍ടിഒ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കി. ആശുപത്രി സേവനത്തിനു സന്നദ്ധനാണെങ്കില്‍ സസ്പെന്ഷന് നടപടി വേണ്ടെന്നു വയ്ക്കാമെന്നും അറിയിച്ചു.
ഇതോടെ രോഗീപരിചരണത്തിന് തയ്യാറാണെന്ന് ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ സേവനം നടത്തിയ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകുമ്പോള്‍ ലൈസന്സിന്മേലുള്ള നടപടി അവസാനിപ്പിക്കുമെന്ന് ആര്‍ടിഒ പറഞ്ഞു. സമാനമായ സംഭവം അതിനു മുന്‍പും ഉണ്ടായിരുന്നു. അന്ന് സേവനം ലഭിച്ചത് ബസ് കണ്ടക്ടര്‍ക്ക് ആയിരുന്നു. കുട്ടികളോടുള്ള മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ 10 ദിവസത്തേയ്ക്ക് സേവനം ചെയ്യണമെന്ന് അറിയിക്കുകയായിരുന്നു.
Discussion about this post