തൃശ്ശൂര്‍: മുസ്ലീങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തില്‍ എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെആര്‍ ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു.
സമൂഹത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിലാണ് ഇന്ദിര മുസ്ലീങ്ങള്‍കളെ വംശീയമായി അവഹേളിക്കുന്ന വിധത്തില്‍ പ്രതികരിച്ചത്. ഇതിനെതിരേ കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകനായ എംആര്‍ വിപിന്‍ദാസ് ആണ് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പികെ പത്മരാജന് പരാതി നല്‍കിയത്. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
നിലവില്‍ തമിഴ്നാട്ടിലെ തൂത്തുകുടി ആകാശവാണി നിലയത്തിലെ പ്രോഗ്രാം ഡയറക്ടറാണ് കെആര്‍ ഇന്ദിര. താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ വിവാദമായ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റുകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത, രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് വിപിന്‍ദാസ് പരാതിയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്.