ന്യൂഡല്‍ഹി: സംവാദങ്ങള്‍ക്കൊടുവില്‍ തീയതി ഉറപ്പാക്കി തൃപ്തി ദേശായി. ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്ന് അവര്‍ വ്യക്തമാക്കി.എന്നാല്‍ അയ്യപ്പനെ കാണാന്‍ താന്‍ മാത്രമല്ല ആറ് യുവതികള്‍ക്ക് ഒപ്പം ഉണ്ടായിരിക്കും എന്നും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി വ്യക്തമാക്കി. അതേസമയം തങ്ങള്‍ക്ക് സുരക്ഷ നല്കണമെന്ന് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമാണ് തൃപ്തി ദേശായി. ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞിരുന്നു.