തിരുവനന്തപുരം: ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ ഡ്രൈവര്മാരാവുന്നത് സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ഇനി അത് നടക്കില്ല. സ്ക്കൂള് പരിസരം കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കി. ഇതിനായി ട്യൂഷന് സെന്ററുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ക്കൂള് പരിസരങ്ങളില്‍ ഗതാഗതനിയമം പാലിക്കാതെയുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര വ്യാപകമാണ്. പലപ്പോഴും രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കും യാത്ര. അതും ബൈക്കില്‍ ഒന്നില്‍ കൂടുതല്‍ ആളെ കയറ്റിയാണ് സഞ്ചാരം. എന്നാല്‍ ഇനി ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമഭേദഗതിയോടെ രക്ഷാകര്‍ത്താവിന് മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.
വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെ വര്‍ധനവുള്ളതിനാല്‍ പിടിവീണാല്‍ കീഴ കാലിയാകുമെന്ന കാര്യം ഉറപ്പാണ്. ഹെല്‍മറ്റില്ലാത്തതിന് പോലിസ് പിടിച്ചാല്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ. 100 രൂപ കൊടുത്താല്‍ മതിയല്ലോ എന്ന ചിന്തയില്‍ ഹെല്‍മറ്റ് ഇടാതെ നിരത്തിലിറങ്ങുന്ന യുവതലമുറ മാറി ചിന്തിക്കേണ്ടി വരും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രുപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗമാണെന്ന് സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി മാറ്റിയിട്ടുണ്ട്.
Discussion about this post