തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വികെ ഇബ്രാഹിംകുഞ്ഞിനേയുമെല്ലാം കുരുക്കുന്ന ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിട്ട നടപടി വേട്ടയാടൽ അല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. വിജിലൻസിന് അന്വേഷിച്ച് കണ്ടെത്താൻ പരിമിതികൾ ഉള്ളതുകൊണ്ടാണ് കേസ് സിബിഐയെ ഏൽപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.
അന്തർ സംസ്ഥാന, വിദേശ ബന്ധങ്ങൾ കേസുമായി ബന്ധപ്പെട്ടിട്ടുണ്ട്. അത് അന്വേഷിക്കാൻ സിബിഐക്ക് മാത്രമേ കഴിയൂ. അതിനാലാണ് കേസ് സിബിഐക്ക് വിട്ടത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്നും കോടിയേരി പറഞ്ഞു.
വിജിലൻസ് ശുപാർശയെ തുടർന്നാണ് ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന കേസ് നിലവിൽ വിജിലൻസാണ് അന്വേഷിച്ചിരുന്നത്.
ടൈറ്റാനിയം മാലിന്യപ്ലാന്റ് അഴിമതി കേസിൽ ഉദ്യോഗസ്ഥരുൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മാലിന്യ സംസ്കരണത്തിനായി ഉപകരണങ്ങൾ വാങ്ങിയതിലുള്ള അഴിമതിയിൽ 80 കോടി നഷ്ടം സംഭവിച്ചതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
മെറ്റ്കോൺ എന്ന കമ്പനിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്റ് നിർമ്മിക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചത്. ഫിൻലാന്റ് ആസ്ഥാനമായ കെമറ്റോ എക്കോ പ്ലാനിംഗ് എന്ന സ്ഥാപനത്തിൽ നിന്നും 260 കോടി രൂപക്ക് മാലിന്യ സംസ്കരണപ്ലാന്റിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ധാരണപത്രം ഒപ്പിട്ടിരുന്നു. ടൈറ്റാനിയം പ്ലാന്റിന്റെ നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നത് മന്ത്രി കെകെ രാമചന്ദ്രനാണ്. എന്നാൽ, രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നും ആരോപണമുണ്ട്.
86 കോടിയുടെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തെങ്കിലും ഒരു ഉപകരണം പോലും ഇതുവരെ സ്ഥാപിക്കാനായില്ല. ഇതോടെ 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുൾപ്പെടെ ആറുപേരാണ് ഇപ്പോൾ പ്രതികൾ. 2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം ആരംഭിച്ചത്.
Discussion about this post