ഗുരുവായൂര്‍: വധുവിന്റെ പേരില്‍ ക്രിസ്ത്യന്റെ സമാനതയുണ്ടെന്ന ആരോപണത്താല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആകാതെ ദമ്പതിമാര്‍ മടങ്ങി. ഗുരുവായൂര്‍ നഗരസഭയിലാണ് സംഭവം. ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും പേരിലെ ക്രിസ്ത്യന്‍ സമാനതയാണ് പൊല്ലാപ്പ് സൃഷ്ടിച്ചത്.
കഴിഞ്ഞ 24-ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന ദമ്പതിമാരുടെ രജിസ്ട്രേഷനാണ് തടസപ്പെട്ടത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന. താലികെട്ടിനുശേഷം വിവാഹസത്കാരവും ഗുരുവായൂരില്‍ വെച്ച് തന്നെ നടത്തിയിരുന്നു. വിവാഹം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയത്.
രജിസ്ട്രേഷനുവേണ്ട എല്ലാ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. അച്ഛനും അമ്മയും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളും പ്രത്യേകം നല്‍കിയിരുന്നു. ഇതെല്ലാം പരിശോധിച്ച ഉദ്യോഗസ്ഥന് വധുവിന്റെ പേരില്‍ മടക്കി നല്‍കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ അവരുടെ മുഴുവന്‍ പേര് ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ്. ഇത് ക്രിസ്ത്യന്‍പേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന് നല്കുന്ന വിശദീകരണം.
ഗുരുവായൂരിലെ സാംസ്കാരികപ്രവര്ത്തകന് വേണു എടക്കഴിയൂരായിരുന്നു സാക്ഷിയായി ഹാജരായത്. കൂടാതെ, നഗരസഭയിലെ ഭരണകക്ഷിയംഗം അഭിലാഷ് വി ചന്ദ്രന്റെ ഡിക്ലറേഷന്‍ കത്തുമുണ്ടായിരുന്നു. ക്രിസ്റ്റീന ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ പരിഗണിക്കാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന് അപേക്ഷ തിരിച്ചുനല്‍കുകയായിരുന്നുവെന്ന് വേണു എടക്കഴിയൂര്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ഗുരുവായൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തേയ്ക്കും.
Discussion about this post