തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്ക് സഹായം നൽകിയ പ്രതിയും എസ്എപി ക്യാമ്പിലെ സിവിൽ പോലീസുകാരനുമായ ഗോകുൽ കീഴടങ്ങി. ഒളിവിൽ നിന്നും പുറത്തുവന്ന ഗോകുലിനെ സസ്‌പെന്റ് ചെയ്ത് ഉത്തരവും കൈമാറി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അഞ്ചാംപ്രതിയായ ഗോകുൽ കീഴടങ്ങിയത്. സെപ്തംബർ 16 വരെ ഗോകുലിനെ കോടതി റിമാൻഡ് ചെയ്തു. ഗോകുലിനെ കസ്റ്റഡിയിൽ കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. സെപ്റ്റംബർ 16 വരെയാണ് ഗോകുലിന്റെ റിമാൻഡ് കാലാവധി.
കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിലെ നാലാം പ്രതി സഫീറിന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനു പിന്നാലെയാണ് ഗോകുലിന്റെ കീഴടങ്ങൽ. പിഎസ്‌സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വിശ്വാസ വഞ്ചന, ക്രിമിനൽ കുറ്റം ചെയ്യാനുള്ള പ്രേരണ തുടങ്ങി പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് കേസ് ചുമത്തിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളജിൽ വെച്ച് നടന്ന പരീക്ഷ തുടങ്ങിയ ശേഷം ചോർന്നുകിട്ടിയ ഉത്തരക്കടലാസ് നോക്കി ഗോകുലും സഫീറും ചേർന്ന് ഉത്തരങ്ങൾ മറ്റ് മൂന്നു പേർക്കും എസ്എംഎസ് വഴി നൽകുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Discussion about this post