കണ്ണൂര്‍: പോലീസിനെ പ്രശംസിച്ചും വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ പോലീസ് നടപടിയെ പ്രശംസിച്ച മുഖ്യമന്ത്രി, വാഹന അപകട കേസുകളില്‍ ചിലര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്നും, അത്തരക്കാര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനവും പ്രശംസയും.
ശബരിമലയില്‍ പോലീസിന്റെ ഇടപെടല്‍ പ്രശംസനീയമാണ്. ബോധപൂര്‍വം ചിലര്‍ അക്രമണം കാണിച്ചിട്ടും പോലീസ് സംയമനം പാലിച്ചു. പോലീസിനെ കൂട്ടിലടച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ശബരിമല ഉത്സവ കാലത്ത് കേരളത്തിലെ മത നിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടന്നെന്നും പോലീസ് കരുതലോടെ ഇടപെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉന്നതരായാല്‍ എന്തുമാകാം എന്ന അവസ്ഥ ഉണ്ടാകരുത്. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുത്. ഒറ്റപ്പെട്ട മൂന്നാം മുറയും ലോക്കപ്പ് മര്‍ദനങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാഹന അപകട കേസുകളില്‍ പോലീസിലെ ചിലര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് സംശയമുണ്ട്. ഇത്തരക്കാര്‍ സര്‍വീസിലുണ്ടാകില്ലെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. അഴിമതി പോലീസിനെയും ബാധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.