കോഴിക്കോട്: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സൗജന്യമായി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് കോഴിക്കോട് കുന്ദമംഗലം വരട്ടിയാക്കിലെ കുട്ടികളുടെ കൂട്ടായ്മ. നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബുകള്‍ പ്രളയം നാശം വിതച്ച ചെത്തുകടവില്‍ വിതരണം ചെയ്തതിന് ശേഷം ബാക്കിയുള്ളവ മറ്റിടങ്ങളിലേക്ക് നല്‍കാനാണ് കുട്ടികളുടെ തീരുമാനം.
ഇത്തവണത്തെ പ്രളയത്തില്‍ ചെത്തുകടവിലെ 45 വീടുകളിലാണ് വെള്ളം കയറിയത്. മൂന്ന് ദിവസത്തോളം നാട് ഇരുട്ടിലും ആയിരുന്നു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന നാടിന് എന്ത് സഹായം ചെയ്ത് നല്‍കാമെന്ന ചിന്തയില്‍ നിന്നാണ് അദ്വൈത് എന്ന കുട്ടിയുടെ മനസ്സില്‍ എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന ആശയം വന്നത്. അദ്വൈതിന് പിന്തുണമായി നാട്ടിലെ മറ്റ് കുട്ടികളും എത്തി.
പ്രദേശത്തെ വീടുകളില്‍ നിന്ന് പണം പിരിച്ചാണ് കുട്ടികള്‍ എല്‍ഇഡി ബള്‍ബിന്റെ നിര്‍മ്മാണ ചെലവിനുള്ള തുക കണ്ടെത്തിയത്. നാട്ടിലെ ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ക്കാണ് കുട്ടികള്‍ നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബുകള്‍ കൈമാറുക. ബാക്കിയുള്ളവ വയനാട്ടിലേക്ക് നല്‍കും. ഇനി ആരെങ്കിലും തങ്ങള്‍ നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബുകള്‍ പണം കൊടുത്ത് വാങ്ങാന്‍ തയ്യാറായാല്‍ അതില്‍ നിന്ന് ലഭിക്കുന്ന ലാഭം കൊണ്ട് ബള്‍ബ് നിര്‍മ്മിച്ച് അര്‍ഹമായവര്‍ക്ക് സൗജന്യമായി നല്‍കാനും ഈ കുട്ടി കൂട്ടായ്മ റെഡിയാണ്.
Discussion about this post