തിരുവനന്തപുരം: ഓണ വരവറിയിച്ച് കാനന വിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കാര്‍ എത്തി. കൊട്ടാരത്തില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണിത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഈ ചടങ്ങ് ഒഴിവാക്കിയിരുന്നു. 90വയസ് കഴിഞ്ഞ പോത്തോട് മല്ലന്‍ കാണിയും ഭാര്യ നീലമ്മ കാണിക്കാരിയുടെയും നേതൃത്വത്തിലാണ് അഗസ്ത്യാര്‍ കൂടത്തില്‍ നിന്നും കാണിക്കയുമായി സംഘം എത്തിയത്.
കരകൗശലവസ്തുക്കള്‍, കാട്ടുതേന്‍, കാട്ടുമഞ്ഞള്‍, കാട്ടുകുന്തിരിക്കം, കാട്ടുവള്ളി ഊഞ്ഞാല്‍, തുടങ്ങിയവയാണ് രാജകൊട്ടാരത്തിലേക്കുള്ള ഇവരുടെ കാണിക്ക. തമ്പുരാട്ടിയോട് കാട്ടിലെ സങ്കടങ്ങള്‍ പറഞ്ഞാണ് മൂപ്പനും സംഘവും മടങ്ങിയത്.
രാജഭരണകാലത്ത് തുടങ്ങിവെച്ച ആചാരമാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. പണ്ട് എട്ടുവീട്ടില്‍ പിള്ളമാര്‍ രാജാവിനെ അട്ടിമറിക്കാന്‍ കെണി ഒരുക്കിയപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മക്കായി കാട്ടില്‍ ഒളിയിടം ഒരുക്കിയത് മുതല്‍ ശക്തമായതാണ് കാണിക്കാരും രാജകുടുംബവും തമ്മിലുള്ള ബന്ധം എന്നാണ് ചരിത്രം. കാണിക്കയുമായുള്ള കാണിക്കാരുടെ വരവോടെയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
Discussion about this post