കാന്‍സര്‍ വന്നത് സ്വയംഭോഗം ചെയ്തത് കൊണ്ടാണെന്ന്, അലോപ്പതി ചികിത്സ ബിസിനസ് ആണെന്ന് പറഞ്ഞ ആള്‍ ഒരു മാസം കൊണ്ട് വാങ്ങിയത് മുപ്പതിനായിരം രൂപ; മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോപണവുമായി നന്ദു മഹാദേവ

തൃശ്ശൂര്‍: മോഹനന്‍ വൈദ്യരുടെ ചികിത്സാ രീതിക്കെതിരെ ഗുരുതര ആരോപണവുമായി നന്ദു മഹാദേവ. കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച തിരുവനന്തപുരം സ്വദേശിയാണ് നന്ദു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് നന്ദു മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്.

ബയോപ്‌സിക്ക് സാമ്പിള്‍ കൊടുത്ത് റിസള്‍ട്ടിനു കാത്തിരിക്കുന്ന സമയത്താണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരം നന്ദു മോഹനന്‍ വൈദ്യരെ കാണാന്‍ ചെന്നത്. തന്നെ കണ്ടപ്പോള്‍ സ്വയം ഭോഗം ചെയ്തത് കൊണ്ടാണ് തനിക്ക് കാന്‍സര്‍ വന്നത് എന്നാണ് വൈദ്യര്‍ പറഞ്ഞത് എന്നാണ് നന്ദു ഫേസ്ബുക്കില്‍ കുറിച്ചത്.

മല്ലിപ്പൊടിയും ജീരകവും തേനും പല അളവില്‍ മിക്സ് ചെയ്ത് മരുന്നുകളാക്കിയാണ് ഇയാള്‍ കാന്‍സറിനു ചികില്‍സിക്കുന്നതെന്നും അലോപ്പതി ചികിത്സ ബിസിനസ് ആണെന്ന് പറഞ്ഞ നാട്ടുവൈദ്യ ശിരോമണി ഒരു മാസം കൊണ്ട് തങ്ങളുടെ കൈയില്‍ നിന്ന് വാങ്ങിയത് ഏകദേശം മുപ്പതിനായിരം രൂപയാണെന്നും നന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

സ്വയംഭോഗം ചെയ്തത് കൊണ്ടാണത്രേ ക്യാന്‍സര്‍ വന്നത്.ശ്രീ മോഹനന്‍ വൈദ്യരുടെ കണ്ടു പിടിത്തമാണ്.!ഒരു വഷളന്‍ ചിരിയോടെയാണ് എന്നെ നോക്കി അയാള്‍ ഇങ്ങനെ പറഞ്ഞത് അന്ന് ഈ ബഹുമാനപ്പെട്ട വൈദ്യരുടെ അച്ഛന്‍ സ്വയംഭോഗം ചെയ്തിരുന്നെങ്കില്‍ ഇദ്ദേഹത്തിനെ നമ്മള്‍ മലയാളികള്‍ സഹിക്കേണ്ടി വരില്ലായിരുന്നു എന്റെ ബയോപ്‌സിക്ക് സാമ്പിള്‍ കൊടുത്ത് റിസള്‍ട്ടിനു കാത്തിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് ഞാന്‍ മോഹനന്‍ വൈദ്യരുടെ അടുത്ത് എത്തുന്നത്.ചെന്നയുടനെ പുള്ളിയുടെ ഒരു ക്ലാസ്സ് ആണ് സകല ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ അര്‍ശ്ശസിനും ദഹനക്കേടിനും കൃമിശല്യത്തിനും ഒക്കെ പോലും മരുന്ന് കൊടുത്ത് ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിവില്ലാത്ത പാരമ്പര്യ നാട്ടു വൈദ്യന്മാര്‍ക്ക് ക്യാന്‍സര്‍ ഒക്കെ ചികില്‍സിച്ചു മാറ്റി എന്നു പറഞ്ഞാല്‍ ഒടുക്കത്തെ മൈലേജ് ആണ്..ജനങ്ങള്‍ അവിടേക്ക് ഒഴുകിയെത്തും കോടികളുടെ വരുമാനവും ആര് മരിച്ചാലെന്താ ആരുടെ ശവത്തിന്റെ കാശ് ആയാലെന്താ..ആയാള്‍ക്ക് സംഭവിക്കുന്നത് കൈയബദ്ധം അല്ല അറിഞ്ഞുകൊണ്ട് കൊലപാതകം തന്നെയാണ് ചെയ്യുന്നത്..അങ്ങനെ സംഭവിച്ചു കഴിയുമ്പോള്‍ പയ്യെ നൈസ് ആയിട്ട് അതുവരെ ചികില്‍സിച്ച അലോപ്പതി ഡോക്ടറിന്റെ തലയില്‍ കൊണ്ടു വച്ചാല്‍ പരിപാടി ക്‌ളീന്‍.

പത്താം ക്ലാസ്സ് കടന്നിട്ടില്ലാത്ത, ശരീരത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പറ്റി അടിസ്ഥാന വിവരം പോലുമില്ലാത്ത പരമ ജ്ഞാനിയായ ആ മനുഷ്യന്‍ പറയുകയാണ് MRI സ്‌കാനിങ് CT സ്‌കാനിങ് xray ഒക്കെ ഉടായിപ്പ് ആണത്രേ.ബ്ലഡ് ഗ്രൂപ്പിങ്ങില്‍ പോലും വിശ്വാസം ഇല്ലത്രേ.ആ മനുഷ്യനെ ഞാന്‍ വെല്ലുവിളിക്കുകയാണ് സ്വന്തം ഗ്രൂപ്പ് അല്ലാത്ത മറ്റൊരു ബ്ലഡ് ഗ്രൂപ്പിലെ 100 ml രക്തം നാട്ടുകാരുടെയും മീഡിയ ചാനലുകളുടെയും സാന്നിധ്യത്തില്‍ സ്വന്തം ശരീരത്തിലേക്ക് കയറ്റിയാല്‍ നിങ്ങള് പറയുന്ന ശാസ്ത്രത്തിന്റെ പ്രചാരകനാകാം ഞാന്‍.ക്യാന്‍സര്‍ എന്നു പറയുന്ന രോഗം ഇല്ല പോലും.അത് ക്യാന്‍സര്‍ അല്ല മറിച്ച് കവിള് വാര്‍പ്പ്,അര്‍ബുദം തുടങ്ങി ചില നാടന്‍ പേരുകളിലാണ് വൈദ്യര്‍ വിശേഷിപ്പിക്കുക.എന്നു വച്ചാല്‍ ആനയ്ക്ക് ഇംഗ്‌ളീഷില്‍ എലിഫന്റ് എന്നും ഹിന്ദിയില്‍ ഹാതി എന്നും ആണ് പറയുക.. വൈദ്യരുടെ ശൈലിയില്‍ പറഞ്ഞാല്‍ എലിഫന്റ് എന്നൊരു ജീവി ഇല്ല.അത് ആനയാണ്.ആനയെ കാട്ടി എലിഫന്റ് എന്നു പറഞ്ഞിട്ട് ശാസ്ത്രം ജനങ്ങളെ പറ്റിക്കുകയാണ് പോലും.ക്യാന്‍സറിന്റെ നാടന്‍ പേരുകള്‍ പറഞ്ഞിട്ട് അത് ക്യാന്‍സര്‍ അല്ല എന്ന് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹം.

പറയുന്നതില്‍ ചില കാര്യങ്ങളൊക്കെ ശരിയാണ്.നമ്മുടെ മാറിയ ജീവിത ശൈലിയും ഫാസ്റ്റ് ഫുഡ് ഉം വായു മലിനീകരണവും കെമിക്കലുകളുടെ ഉപയോഗവും ഒക്കെ ചിലപ്പോള്‍ അര്‍ബുദത്തിന് കാരണം ആയേക്കാം.പക്ഷെ അത് പറഞ്ഞു ജനങ്ങളെ ബോധവല്‍ക്കരിച്ച ശേഷം മല്ലിപ്പൊടിയും ജീരകവും തേനും ഒക്കെ പല അളവില്‍ മിക്‌സ് ചെയ്ത മരുന്നുകള്‍ കൊടുത്തിട്ട് നിങ്ങളുടെ ക്യാന്‍സര്‍ മാറി എന്നു പറഞ്ഞ് ചൂഷണം ചെയ്യുന്ന ഒരു നാറിയോടും ഒരു ദാക്ഷിണ്യവും ഈ സമൂഹം കാട്ടരുത്.അലോപ്പതി ചികിത്സ ബിസിനസ്സ് ആണെന്ന് പറഞ്ഞിട്ട് ഒരു മാസം കൊണ്ട് ഏകദേശം മുപ്പതിനായിരം രൂപയാണ് ഞങ്ങളുടെ അടുത്ത് നിന്നും ഈ നാട്ടുവൈദ്യ ശിരോമണി വാങ്ങിയത്.അതിന്റെ പകുതിയാണ് ഒരാളിന്റെ കയ്യില്‍ നിന്നും വാങ്ങുന്നതെന്ന് കൂട്ടിക്കോളൂ.ആയിരം പേരെങ്കിലും ഒരു ദിവസം ഉണ്ടാകും..അങ്ങനെ ഒരു മാസം കുറഞ്ഞത് പതിനായിരം ആള്‍ക്കാരെ നോക്കിയാല്‍ ഒരു മാസം വൈദ്യരുടെ വരുമാനം 15 കോടി രൂപയാണ്.എങ്ങനെയുണ്ട്.?

ഇനി ഒരു കാര്യം കൂടി പറയാം.എല്ലായിടത്തും ചികില്‍സിച്ചു മടുത്തിട്ട് ഭേദമാകാതെ ആകുമ്പോള്‍ അവിടെ ചെല്ലുന്നവരാണ് എല്ലാവരും.അതുകൊണ്ടാണ് പലപ്പോഴും ചികിത്സ പരാജയപ്പെടുന്നത് എന്ന അദ്ദേഹത്തിന്റെ ന്യായീകരണത്തിന് ഒരു അപവാദമാണ് ഞാന്‍.ഒരു മരുന്നും എടുക്കുന്നതിന് മുന്നേയാണ് ഞാന്‍ മോഹനന്‍ വൈദ്യരുടെ അടുത്ത് എത്തിയത്.ചികില്‍സിച്ചു ഭേദമാക്കാമെന്നു നൂറു ശതമാനം ഉറപ്പും തന്നു.പക്ഷെ ഒടുവില്‍ അയാള്‍ തോറ്റുപോയി.കാലിലെ ട്യൂമര്‍ വീണ്ടും വീണ്ടും വലുതായപ്പോള്‍ അയാള്‍ പറഞ്ഞത് എന്താണെന്ന് അറിയുമോ.കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് അങ്ങനെ വന്നത് പോലും.
മഴക്കാലം കഴിയുമ്പോള്‍ മാറും പോലും.അന്നത് വിശ്വസിച്ചിരുന്നെങ്കില്‍ മഴക്കാലം കഴിയുമ്പോള്‍ എന്നെ തെക്കോട്ട് എടുത്തേനെ..പോരാത്തതിന് ഒരു സമ്മതക്കുറിപ്പ് ഒപ്പിടുവിച്ചിട്ടാണ് അയാള്‍ ചികിത്സ തുടങ്ങുന്നത്.അതിലെ വാചകങ്ങള്‍ ഇങ്ങനെയാണ്.സകല ചികിത്സാ രീതികളും പരാജയപ്പെട്ട് ഇനി മുന്നിലേക്ക് ഒരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ വൈദ്യരോട് ഞാന്‍ ആവശ്യപ്പെടുകയാണ് എന്നെ ഒന്നു ചികില്‍സിക്കാന്‍ ദയവ് ഉണ്ടാകണം,എനിക്കെന്തു സംഭവിച്ചാലും മരണപ്പെട്ടാല്‍ പോലും അതിന് വൈദ്യര്‍ ഉത്തരവാദി ആയിരിക്കില്ല.ഒപ്പ്.എന്താല്ലേ.16 വേഗങ്ങളെ കൊണ്ട് ചികില്‍സിക്കുന്ന ആത്മാവിനെ ചികില്‍സിക്കുന്ന മറ്റ് വൈദ്യശാ സ്ത്രങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്ന വൈദ്യര്‍ക്ക് പോലും സംശയമാണ് രോഗം മാറുമോ ഇല്ലയോ എന്നത്.

സത്യത്തില്‍ മറ്റ് രോഗികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന നെല്ലിക്ക തളത്തില്‍ നിന്ന് അല്‍പ്പം എടുത്ത് സ്വന്തം തലയിലും കൂടി വച്ചാല്‍ മാറാവുന്ന പ്രശ്‌നമേ വൈദ്യര്‍ക്കുള്ളൂ.അദ്ദേഹത്തിന് സപ്പോര്‍ട്ട് ചെയ്യുന്ന പ്രിയപ്പെട്ടവരോട് ഒരു വാക്ക്.നിങ്ങളുടെ കുടുംബത്തിലോ ബന്ധുക്കള്‍ക്കോ ഇദ്ദേഹം കാരണം ജീവന്‍ പോകുന്നത് വരെയേ ഉണ്ടാകുള്ളൂ നിങ്ങള്‍ക്ക് വൈദ്യരോടുള്ള ആരാധന അഥവാ തെന്നിയും തെറിച്ചും അവിടെ നിന്ന് ആര്‍ക്കെങ്കിലും അസുഖം മാറുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ അവിടെ വരും മുന്നേ എടുത്ത ഫലപ്രദമായ മരുന്നുകളുടെ പ്രവര്‍ത്തനം കൊണ്ടും നിങ്ങളുടെ മനസ്സിന്റെ പ്രവര്‍ത്തനം കൊണ്ടും ഒക്കെയാകും എന്നുറപ്പ് തരുന്നു.മറ്റ് രോഗങ്ങളുടെ കാര്യം എനിക്കറിയില്ല.അത് ചിലപ്പോള്‍ അദ്ദേഹം ചികില്‍സിച്ചു മാറ്റുന്നുണ്ടാകും..അതിന് ഞാന്‍ വല്യ പ്രാധാന്യം കൊടുക്കുന്നുമില്ല.പക്ഷെ ക്യാന്‍സര്‍ അങ്ങനെയല്ല.സമയത്ത് ചികില്‍സിച്ചില്ല എങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടും.വെദ്യര്‍ തോറ്റ സ്ഥലത്ത് അലോപ്പതി ജയിച്ചത് കൊണ്ടാണ് ഞാനിന്ന് നിങ്ങളുടെ മുന്നില്‍ ഓടി നടക്കുന്നത്.ജീവിതം ഹോമിക്കരുത്
‘ക്യാന്‍സര്‍ പോലും സിംപിള്‍ ആയി ചികില്‍സിച്ചു മാറ്റും ‘ഇത് ചിലര്‍ക്ക് കാശുണ്ടാക്കാനുള്ള ഒരു പരസ്യ വാചകമാണ്.അതില്‍ വീഴരുത് എന്നെ വിശ്വസിക്കൂ ഞാന്‍ അനുഭവസ്ഥനാണ് ജീവനുള്ളിടത്തോളം കാലം ഇങ്ങനെയുള്ള തട്ടിപ്പുകാരുടെ അടുത്ത് പോയി പ്രിയമുള്ളവരുടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്നതിനെതിരെ ഞാന്‍ പ്രവര്‍ത്തിക്കും.അതിനി നാട്ടുവൈദ്യന്മാര്‍ ഉള്‍പ്പെടുന്ന വലിയ ലോബി എന്നെ കൊന്നാലും കുഴപ്പമില്ല.സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മരിയ്ക്കാനും തയ്യാറാണ്.അവിടെ ചെല്ലുന്ന രോഗികള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന അല്‍പ്പം നെല്ലിക്ക തളം സ്വന്തം തലയില്‍ കൂടി വച്ചാല്‍ തീരാവുന്ന പ്രശ്‌നമേ അദ്ദേഹത്തിനുള്ളൂ.

NB : മോഹനന്‍ വൈദ്യരെപ്പോലെയല്ലാത്ത,പൊള്ളയായ വാഗ്ദാനം നല്‍കി രോഗിയെ കൊല്ലാത്ത, ശാസ്ത്രത്തിനെ വെല്ലുവിളിക്കാത്ത സമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താത്ത എല്ലാ നാട്ടുവൈദ്യന്മാരോടും ഇഷ്ടം ബഹുമാനം ?ഞങ്ങടെ നാട്ടിലും ഉണ്ട് പാമ്പ് കടിച്ചാല്‍ പോലും വിഷമിറക്കുന്ന വൈദ്യന്മാര്‍..
അവരോടൊക്കെ ആദരവ്.ആലോപ്പതിയെയും ആയുര്‍വേദത്തെയും പോലും തള്ളി പറയുന്ന കള്ള നാണയങ്ങളോട് വെറുപ്പ് ആണ്.NB 2 : ഇത് തുറന്നു പറയുന്നത് ഒരുപാട് പേരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ ആണ്.NB 3 : നമ്മുടെ കുടുംബത്തില്‍ നിന്നും ജീവനുകള്‍ പൊലിയും മുമ്പ് പ്രതികരിക്കാനുള്ള ധൈര്യം കാണിക്കൂ.നഷ്ടം എന്നും നമുക്ക് മാത്രം ആയിരിക്കും.ലാഭം അവര്‍ക്കും.NB 4 : ഞങ്ങള്‍ ക്യാന്‍സര്‍ രോഗികള്‍ ഇറങ്ങുകയാണ് ഇയാള്‍ക്കെതിരെ.ആരൊക്കെയുണ്ടാകും ഒപ്പം.

Exit mobile version