പാലക്കാട്: മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അകത്തുള്ള സഖാക്കന്‍മാര്‍ പോലും ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയില്‍ വേദനിക്കുകയാണെന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അയ്യപ്പ ഭക്തരായ സഖാക്കളെ ബിജെപിയിലേക്ക് ഘര്‍വാപസി നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു ശോഭയുടെ പരാമര്‍ശം.
നിലവിലുള്ള 91ലെ വിധി പ്രകാരം സ്റ്റാറ്റസ്‌കോ നിലനിര്‍ത്തി, ജനുവരിയില്‍ വാദം കേള്‍ക്കും വരെ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്താല്‍ ബിജെപി പ്രക്ഷോഭം അവസാനിപ്പിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അകത്തുള്ള സഖാക്കന്‍മാര്‍ പോലും വേദനിക്കുകയാണെന്നും പ്രക്ഷോഭം ഇവിടെ അവസാനിപ്പിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സമീപനങ്ങള്‍ എന്തെല്ലാമായിരുന്നെന്ന് ഗ്രാമതലത്തിലും പഞ്ചായത്ത് തലത്തിലും ഓരോ വീടുകളിലും ചെന്ന ജനങ്ങളില്‍ എത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
”മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അകത്തുള്ള സഖാക്കന്‍മാര്‍ പോലും വേദനിക്കുകയാണ്. മണ്ഡലമാസം ആയിക്കഴിഞ്ഞാല്‍ അവര്‍ സഖാവല്ല. അയ്യപ്പന്റെ മുന്നില്‍ ഒരു ഭക്തനാണ്. അങ്ങനെയുള്ളവരെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഈശ്വര വിശ്വാസത്തില്‍ നിന്ന് കാലാകാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ അണികളെ മാറ്റിനിര്‍ത്തിയിട്ടുണ്ടെങ്കില്‍ ഒരു ഘര്‍വാപസിയാണ് ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ആ ഭക്തവിശ്വാസികളായിട്ടുള്ള സഖാക്കന്‍മാര്‍ കൂടി ഞങ്ങളുടെ പ്രസ്ഥാനത്തിനകത്തേക്ക്, ഞങ്ങള്‍ ഉന്നയിക്കുന്ന പോയിന്റിലേക്ക് തിരിച്ചുവരുമെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.” എന്നായിരുന്നു ശോഭയുടെ പ്രതികരണം.
പ്രത്യക്ഷ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മാത്രമാണ് തീരുമാനം അറിയിക്കാനാവുക എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.