തൃശ്ശൂർ: ഒട്ടേറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയായ പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം. പാലിയേക്കരയിൽ ടോൾ നൽകുന്നതിൽ നിന്ന് ടോൾ പ്ലാസയ്ക്ക് പത്തുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ ഒഴിവാക്കിയ തീരുമാനം പിൻവലിച്ചതാണ് ഇത്തവണ നാട്ടുകാരെ ചൊടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് കൂട്ടമായെത്തിയ നാട്ടുകാർ പ്രതിഷേധ സമരം സംഘടിപ്പിക്കുകയും വാഹനങ്ങളെ ടോൾ നൽകാൻ അനുവദിക്കാതെ കടത്തിവിടുകയുമായിരുന്നു.
തദ്ദേശീയർക്ക് നേരത്തെ ടോൾ ഒഴിവാക്കി നൽകിയിരുന്നു. എന്നാൽ നിലവിൽ ടോൾ നാട്ടുകാർക്കും ഏർപ്പെടുത്തിയതാണ് പ്രതിഷേധക്കാർ രംഗത്തിറങ്ങാൻ കാരണമായത്. രാഷ്ട്രീയ ഭേദമന്യെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിച്ചാണ് നാട്ടുകാർ സമരത്തിനെത്തിയത്.
ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ തവണ ഈ റോഡ് ഉപയോഗിക്കേണ്ടി വരുമെന്നും പണം നൽകുന്നത് ബുദ്ധിമുട്ടാണെന്നും ജനങ്ങൾ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മണിക്കൂറുകൾ നീണ്ട ട്രാഫിക്ക് ബ്ലോക്കാണ് പാലിയേക്കരയിൽ ഇപ്പോൾ.
Discussion about this post