തൃശ്ശൂര്‍: ഹെല്‍മെറ്റ് വെക്കാതെ വന്ന് കമന്റടിച്ച ബൈക്ക് യാത്രികര്‍ക്ക് മാസ് മറുപടിയുമായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജിഎച്ച് യതീഷ് ചന്ദ്ര. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴയായി വന്‍ തുക ഈടാക്കുമെന്ന നിയമം വന്നതോടെയാണ് നിരത്തിലിറങ്ങി ജനങ്ങളെ ബോധവത്കരിക്കാന്‍ ഇറങ്ങിയത്. ആദ്യഘട്ടത്തില്‍ പലരെയും ഉപദേശിച്ച് വിടുകയാണ് ചെയ്തത്.
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴ. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ. ഇങ്ങനെ നീളും പിഴകള്‍. ആദ്യം എത്തിയത് ഹെല്‍മറ്റ് ബൈക്കില്‍ തൂക്കിയിട്ട ചുമട്ടുതൊഴിലാളിയായിരുന്നു. ഹെല്‍മറ്റ് നിര്‍ബന്ധപൂര്‍വം വെപ്പിച്ച് താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു. പിന്നാലെ ഹെല്‍മറ്റില്ലാതെ വന്ന യുവാവിനെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടയച്ചു.
അടുത്ത ഊഴം മാരുതി 800 കാറില്‍ വന്ന കുടുംബത്തിനായിരുന്നു. നാലു പേര്‍ സഞ്ചരിക്കേണ്ട കാറില്‍ എട്ടു പേരാണ് യാത്ര ചെയ്തത്. ഉടനെ കാറിന് കൈകാണിച്ച് നിര്‍ത്തിച്ചു. കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി കമ്മീഷണറുടെ അടുത്തെത്തി. ‘ ഈ കാറില്‍ എത്ര പേര്‍ക്കു കയറാം? നിങ്ങള്‍ എത്ര പേരുണ്ട്?” യതീഷ് ചന്ദ്രയുടെ ചോദ്യം. കമ്മീഷണര്‍ തന്നെ എണ്ണി. കുട്ടികള്‍ ഉള്‍പ്പെടെയാണ് എട്ടു പേര്‍.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇങ്ങനെയുള്ള യാത്രകള്‍ക്ക് 2000 രൂപയാണ് പിഴയീടാക്കുന്നതെന്നും തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷം കുടുംബത്തെ പറഞ്ഞു വിടുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരു വാദവുമായി ബൈക്ക് യാത്രികന്‍ എത്തിയത്. ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമെന്നാണ് ഇവരുടെ ന്യായം. എന്നാല്‍ അതിന് തക്കതായ മറുപടിയും അദ്ദേഹം നല്‍കി. ‘ ഹെല്‍മെറ്റ് ധരിച്ചാല്‍ മുടി അല്ലേ പോകൂ. തല പോകിലല്ലോ?’ അദ്ദേഹം പറഞ്ഞു. ശേഷം ഗതാഗത നിയമം കര്‍ശനമാക്കി നടപ്പാക്കുമ്പോള്‍ ജനം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം മടങ്ങിയത്.
Discussion about this post