തിരുവനന്തപുരം: 2018ലെ മഹാപ്രളയത്തിലെ മുതുക് ചവിട്ടുപടിയാക്കിയ രക്ഷാപ്രവര്‍ത്തകന്‍ ജെയ്‌സലിനെ ആരും മറന്നുകാണില്ല. ജെയ്‌സലിന്റെ മഹാനന്മയ്ക്ക് വാക്കുകളില്‍ ഒതുങ്ങാത്ത അഭിനന്ദനങ്ങളും ആദരവും മലയാളി തിരിച്ചുനല്‍കിയിരുന്നു.
അതേസമയം, പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ജെയ്‌സല്‍. കനകക്കുന്നില്‍ നടക്കുന്ന സ്പേസസ് ഫെസ്റ്റിവലിലാണ്
ജെയ്സല്‍ പ്രളയാനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.
മുപ്പത്തിനാല് വയസിനിടെ താന്‍ എടുക്കേണ്ടി വന്നത് ഇരുപത്തിയഞ്ചോളം ശവ ശരീരങ്ങളാണെണ് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവന് പ്രാധാന്യം നല്‍കാതെ, കൂര നഷ്ടപ്പെട്ട കൂടപ്പിറപ്പുകള്‍ക്കായി പോരാടിയ പ്രളയ കാലത്തെ കയ്പ്പുനിറഞ്ഞ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ നിറമിഴികളോടെയാണ് സദസ്സ് അത് കേട്ടിരുന്നത്.
ആരുമറിയാതെ പോകുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വേദനകളും വേദിയില്‍ അദ്ദേഹം തുറന്നുകാട്ടി. കഴിഞ്ഞ പ്രളയം മുതല്‍ ഈ പ്രളയം വരെ പലകുടുംബങ്ങളും പട്ടിണിയായിരുന്നെന്നും, തങ്ങള്‍ക്കു കിട്ടേണ്ട പല ആനുകൂല്യങ്ങളും ഇനിയും കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയത്തിന് ശേഷം പലയിടങ്ങളില്‍ നിന്നായി തനിക്ക് ലഭിച്ച തുക പല സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകന്‍ എം.വി നിഷാന്ത് മോഡറേറ്ററായിരുന്നു.
Discussion about this post