മകളുടെ വിവാഹത്തോടൊപ്പം നിര്‍ധന കുടുംബങ്ങളിലെ 10 പെണ്‍കുട്ടികളുടെയും വിവാഹം നടത്തി പ്രവാസി

10 പവന്‍ വീതം സ്വര്‍ണ്ണാഭരണങ്ങളും വധൂവരന്മാരുടെ അതിഥികള്‍ അടക്കമുള്ളവര്‍ക്ക് വിവാഹ സദ്യയും ഒരുക്കിയാണ് വിവാഹം നടത്തിയത്.

പെരുമ്പിലാവ്: സമൂഹ വിവാഹങ്ങള്‍ അനവധി നമ്മുടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടത്താറുണ്ട്. നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട യുവതികളെ കൈപിടിച്ച് ഏല്‍പ്പിക്കാന്‍ നന്മ മനസുമായി എത്തുന്നവരാണ് സമൂഹ വിവാഹം പോലെ നടത്തുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാവുകയാണ് അബൂബക്കര്‍ ഹാജി എന്ന പ്രവാസി. മകളുടെ വിവാഹത്തോടൊപ്പം ഇദ്ദേഹം നടത്തിയത് നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള 10 യുവതികളുടെ വിവാഹമാണ്.

ഇളയ മകള്‍ ആയിഷാസിന്റെ വിവാഹത്തോട് അനുബന്ധിച്ചാണ് കോട്ടോല്‍ ചേമ്പത്തേയില്‍ മലായ അബൂബക്കര്‍ ഹാജി വിവിധ ജില്ലകളില്‍ നിന്നുള്ള യുവതികളുടെ കൂടി വിവാഹം നടത്തിയത്. 10 പവന്‍ വീതം സ്വര്‍ണ്ണാഭരണങ്ങളും വധൂവരന്മാരുടെ അതിഥികള്‍ അടക്കമുള്ളവര്‍ക്ക് വിവാഹ സദ്യയും ഒരുക്കിയാണ് വിവാഹം നടത്തിയത്.

മറ്റു 3 മക്കളുടെ വിവാഹങ്ങള്‍ക്കൊപ്പവും അദ്ദേഹം ഇത്തരത്തില്‍ വിവാഹം നടത്തിയിരുന്നു. ഇതോടെ ഇതുവരെ ഇദ്ദേഹത്തിന്റെ നന്മ മനസു കൊണ്ട് 40 യുവതികളുടെ കഴുത്തിലാണ് താലിയേറിയത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഇദ്ദേഹത്തിന്റെ നന്മയ്ക്ക് കൈയ്യടിക്കുകയാണ്. കരിക്കാട് എവറസ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍ കാര്‍മികത്വം വഹിച്ചു. അബൂബക്കര്‍ ഹാജി കുന്നംകുളം മലായ ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടര്‍ കൂടിയാണ്.

Exit mobile version