ശബരിമലയില്‍ ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശബരിമല നട തുറക്കുമ്പോള്‍ നിയന്ത്രണം പൂര്‍ണ്ണമായും ആര്‍എസ്എസിന് കൈയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: ശബരിമലയില്‍ അഴിഞ്ഞാടാന്‍ ആര്‍എസ്എസിനും ബിജെപിക്കും അവസരമൊക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശബരിമല നട തുറക്കുമ്പോള്‍ നിയന്ത്രണം പൂര്‍ണ്ണമായും ആര്‍എസ്എസിന് കൈയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവേകപൂര്‍വ്വവും പക്വവുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് ലഭിച്ച അവസരമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ തീരുമാനം. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം. വിഷയം ഇത്ര വഷളക്കിയത് സര്‍ക്കാരാണ്. ധൃതിപിടിച്ച് വിധി നടപ്പാക്കാന്‍ എന്തിനാണ് തുനിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

വിധി വന്ന സമയത്ത് എന്തുക്കൊണ്ട് സര്‍വ്വ കക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഞങ്ങള്‍ ആവര്‍ത്തിച്ച് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ധാര്‍ഷ്ട്യമാണുണ്ടായിരുന്നത്. ഇപ്പോള്‍ യോഗം വിളിച്ചത് നല്ല കാര്യമാണ്. യുഡിഎഫ് നാളത്തെ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ താത്പര്യത്തിനപ്പുറം മുഖ്യമന്ത്രി ജനങ്ങളുടെ താത്പര്യംകൂടി പരിഗണിക്കണം.

വിധി സ്റ്റേ ചെയ്തില്ലെന്ന സാങ്കേതികത്വത്തില്‍ തൂങ്ങി സര്‍ക്കാര്‍ നാടിന്റെ വിശാല താത്പര്യം പരിഗണിക്കാതെ മുന്നോട്ട് പോകരുതെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version