തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും, തിരുവനന്തപുരത്ത് നിന്നുള്ള വിമാനയാത്രക്കൂലി മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
വിമാനസര്‍വ്വീസുകള്‍ കുറഞ്ഞത് നിക്ഷേപകരേയും ടൂറിസത്തേയും ബാധിക്കുന്നുണ്ടെന്നും, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1579 സര്‍വീസുകള്‍ കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര-വിദേശ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വിമാന കമ്പനികളാട് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതെസമയം മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 30 ആഭ്യന്തര വിമാന സര്‍വീസുകള്‍ പുതുതായി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.