ആലപ്പുഴ: 67-മത് നെഹ്രു ട്രോഫി വള്ളംകളി ഇന്ന്. കേരളത്തിലെ പ്രധാന ജലമേളകളിനൊന്നായ വള്ളംകളിയാണ് ഇന്ന് പുന്നമടയില്‍ നടക്കുന്നത്. നേരത്തെ ഓഗസ്റ്റ് 10ന് നടത്താനിരുന്ന നെഹ്രു ട്രോഫി വള്ളംകളി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ് ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തുന്നത്.
നെഹ്റു ട്രോഫിക്കൊപ്പം പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗിനും (സിബിഎല്‍) ഇന്ന് പുന്നമടക്കായലില്‍ തുടക്കമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയനും, ജലമേള മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. നെഹ്റു ട്രോഫി വള്ളംകളിയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന് വള്ളങ്ങളായിരിക്കും ഇനി കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും പങ്കെടുക്കുന്നതാണ് ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത.
നാളെ രാവിലെ 11 മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും ഉച്ചയ്ക്ക് 2ന് ഉദ്ഘാടനച്ചടങ്ങും നടക്കും. തുടര്‍ന്ന് ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍, ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ എന്നിവ നടക്കും. മത്സരവിഭാഗത്തിലെ 20 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.
12 മത്സരങ്ങളാണ് സിബിഎല്ലില്‍ ഉള്ളത്. ദേശീയ, അന്തര്‍ദേശീയ ചാനലുകള്‍ക്കാണ് ഫൈനല്‍ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയില്‍ ഇന്ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. 25 ലക്ഷമാണ് സമ്മാനത്തുക.