തൃശ്ശൂര്‍: കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ഒറ്റ നിമിഷത്തില്‍ ഒരു ഗ്രാമം തന്നെ ഇല്ലാതായ പ്രതീതിയായിരുന്നു. വീട് അപ്പാടെ മണ്ണിനടിയിലേയ്ക്ക് പതിക്കുമ്പോള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നവരും മണ്ണിനടിയിലേയ്ക്ക് മറഞ്ഞു. സംസ്ഥാനത്തെ നടുക്കുന്ന കാഴ്ചകളാണ് പല ഭാഗത്ത് നിന്ന് എത്തിയതും.
എന്നാല്‍ കവളപ്പാറയില്‍ അനാഥമായത് മനുഷ്യര്‍ മാത്രമല്ല, കൂട്ടത്തില്‍ മൃഗങ്ങളും ഉണ്ട്. ഉടമസ്ഥരെ കാത്ത് നിന്ന നായകള്‍, പൂച്ച തുടങ്ങി നിരവധി അനാഥപ്പെട്ടു പോയ ഒരുപാട് വളര്‍ത്തു മൃഗങ്ങള്‍ ഉണ്ട്. ഇതിനിടയില്‍ നോവായി അവേശിഷിച്ചത് കളപ്പാറയിലെ കിങ്ങിണി എന്ന പൂച്ചയായിരുന്നു.
ഭക്ഷണമൊന്നും കഴിക്കാതെ തന്റെ വീടുണ്ടായിരുന്ന ഭാഗത്ത് ഉടമസ്ഥരെ അന്വേഷിച്ചു നടന്ന കിങ്ങിണി പൂച്ച അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ നല്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു കൊണ്ടാണ് തന്റെ ഉടമസ്ഥരെ തേടി നടന്നത്. കരഞ്ഞ് തളര്‍ന്ന കിങ്ങിണി ദിവസങ്ങള്‍ക്കൊണ്ട് എല്ലും തോലുമായി. കിങ്ങിണിയുടെ അവസ്ഥ ഏവരുടെയും കണ്ണ് നനയിക്കുന്ന ഒന്ന് കൂടിയായിരുന്നു. കിങ്ങിണിയുടെ അവസ്ഥ കേട്ടറിഞ്ഞ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തക സാലി വര്‍മ്മ കിങ്ങിണിയെ കവളപ്പാറയിലെത്തി ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോള്‍ കിങ്ങിണിക്ക് ഒരു കൂട്ടായിരിക്കുകയാണ്. സാലിയുടെ 11 വയസ്സുകാരന് മകന് നിരഞ്ജനാണ് കിങ്ങിണിയുടെ പുതിയ കൂട്ടാളി. അമ്മയെ പോലെ തന്നെ മൃഗങ്ങളെ ഏറെ സ്നേഹിക്കുന്ന നിരഞ്ജന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് കിങ്ങിണി പൂച്ചയുമായി കൂട്ടായത്. ഇപ്പോള്‍ നിരഞ്ജന്റെ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതുമെല്ലാം കിങ്ങിണിക്കൊപ്പമാണ്. മലപ്പുറത്ത് നിന്നും തൃശ്ശൂര്‍ എത്തിയതിന്റെ മാറ്റമൊന്നും കിങ്ങിണിക്ക് ഇല്ല. പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്നുവേണ്ട എല്ലാത്തിനും കിങ്ങിണി നിരഞ്ജന് ഒപ്പമുണ്ട്.