കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് ഇനി പുതിയ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ്. കര്‍ണാടകയിലെ മാണ്ഡ്യ രൂപത മെത്രാനായ മാര്‍ ആന്റണി കരിയില്‍ പുതിയ വികര് ആര്‍ച്ച് ബിഷപ്പായി നിയമിതനായി. അതിരൂപതയുടെ ഭരണച്ചുമതല താത്കാലികമായി വഹിച്ചിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞു. സീറോ മലബാര്‍ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ സ്വതന്ത്ര ഭരണച്ചുമതല മാര്‍ കരിയിലിനായിരിക്കും.
രണ്ടാഴ്ചയായി നടന്നുവരുന്ന സീറോ മലബാര്‍ സഭാ സിനഡ് ആണ് പുതിയ തീരുമാനങ്ങള്‍ വത്തിക്കാന്റെ അനുമതിയോടെ പ്രഖ്യാപിച്ചത്. എറണാകുളം അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളില്‍ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോള്‍ മാര്‍ ആന്റണി കരിയിലിനെ തെരഞ്ഞെടുക്കുകയായിരുന്നു.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ മാര്‍ ആന്റണി കരിയില്‍ സിഎംഐ സന്യാസ സഭാംഗമാണ്. കളമശേരി രാജഗിരി കോളെജിന്റെ പ്രിന്‍സിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്റ്ററും ആയിരുന്നു. സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായും പ്രവര്‍ത്തിച്ചു.
അതേസമയം, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മണ്ഡ്യ ബിഷപ്പായി നിയമിച്ചു. മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് സഹായ മെത്രാനാകും. സിഎംഐ സഭാംഗമായ മാര്‍ വിന്‍സന്റ് നെല്ലായിപ്പറമ്പിലിനെ ബിജ്നോര്‍ ബിഷപ്പായും നിയമിച്ചു.
ഭൂമി വിവാദമടക്കം എറണാകുളം- അങ്കമാലി അതിരൂപതയില്‍ രണ്ട് വര്‍ഷമായി പുകയുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാര നടപടികളാണ് ഇന്നത്തെ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്. എറണാകുളം- അങ്കമാലി അതിരൂപതയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ വികര് എന്ന പദവിയിലാണ് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ് എത്തുന്നത്. എങ്കിലും നയപരവും അജപാലനപരവുമായ ദൗത്യങ്ങളുടെ മേല്‍നോട്ടം ആര്‍ച്ച് ബിഷപ് കൂടിയായ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കാവും.
Discussion about this post