കൊല്ലം: ഇന്ത്യാ വിരുദ്ധ വാട്സ്ആപ്പ് സന്ദേശം കൊല്ലം കളക്ട്രേറ്റിലെ കൺട്രോൾ റൂമിലേക്ക് എത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കളക്ട്രേറ്റിലെ മൊബൈൽ നമ്പറിലേക്ക് സന്ദേശമെത്തിയത് പാകിസ്താനിലെ കറാച്ചിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. സന്ദേശം വിദേശത്ത് നിന്നായതിനാൽ അന്വേഷണം റോ, ഇന്റർപോൾ തുടങ്ങിയ ഏജൻസികൾ ഏറ്റെടുക്കുമെന്നാണ് സൂചന. പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ഐടി ആക്ട് പ്രകാരം കേസെടുത്ത കൊല്ലം വെസ്റ്റ് പോലീസ് അന്വേഷണം സൈബർ സെല്ലിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന ഹൈടെക് സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സന്ദേശത്തിന്റെ ഉറവിടം കറാച്ചിയാണ് തിരിച്ചറിഞ്ഞത്. പാകിസ്താനിലെ മൊബൈൽ കമ്പനിയാണ് ഫോണിന്റെ ഉടമയെ സംബന്ധിച്ച വിവരം നൽകേണ്ടത്. അവരുമായി ബന്ധപ്പെടാൻ അന്തർദേശീയ അന്വേഷണ ഏജൻസിയായ ഇന്റർപോളിന് മാത്രമെ സാധിക്കൂ.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഹിന്ദിയും ഉറുദുവും കലർന്ന ഭാഷ ഇംഗ്ലീഷിലാക്കിയ സന്ദേശമെത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് പാകിസ്താനിൽ നിലനിൽക്കുന്ന സാഹചര്യമാണ് ഇത്തരമൊരു സന്ദേശത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ഇന്ത്യൻ സേന കാശ്മീരിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും മോഡിയും ആർഎസ്എസും ബിജെപിയും തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹിന്ദുസ്ഥാൻ മൂർദാബാദ് എന്നൊക്കെയാണ് മൊബൈലിലേക്ക് എത്തിയ സന്ദേശത്തിന്റെ ചുരുക്കം.
Discussion about this post