തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് 30ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകള്‍ക്കും, ഓഗസ്റ്റ് 31ന്- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും, സെപ്റ്റംബര്‍ 1ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
അതത് ജില്ലയിലെ കണ്‍ട്രോള്‍ റൂം താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരം വിലയിരുത്തും. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ലെങ്കിലും 30-08-2019 മുതല്‍ 03-09-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കടലില്‍ പോകരുതെന്ന് ദുരിന്തനിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.