കൊച്ചി: പല കാരണങ്ങള്‍ പറഞ്ഞ് ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരെ ഒഴിവാക്കുന്നവരുണ്ട്. ഒഴിവാക്കുന്ന കാര്യത്തില്‍ പെണ്‍കുട്ടികള്‍ ആയാലും ആണ്‍കുട്ടികള്‍ ആയാലും തുല്യര്‍ തന്നെയാണ്. പുതിയ ബന്ധം കാണുമ്പോള്‍ എന്തുകൊണ്ടും നല്ല ബന്ധം ഇതാണെന്ന് മനസില്‍ ഉറപ്പിച്ച് നാളിത്രയും സ്‌നേഹിച്ചവരെ തഴയുന്നുമുണ്ട്. ഈ ഒഴിവാക്കലുകളെ ഇന്നത്തെ തലമുറ നല്‍കിയ പേര് തേപ്പ് എന്നാണ്.
ഇപ്പോള്‍ അത്തരത്തിലൊരു തേപ്പിന് ശ്രമിച്ച യുവാവിന് മാസ് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജ്യോത്സ്യന്‍ ഹരി പത്തനാപുരം. ജാതക ദോഷത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടിയെ വേണ്ടെന്നു വയ്ക്കണോ? എന്ന ചോദ്യവുമായി കത്തെഴുതിയ യുവാവിനാണ് ഹരി പത്തനാപുരം മാസ് മറുപടി നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
ജോലിയും കൂലിയും ഇല്ലാതെ അലഞ്ഞ കാലത്ത് പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കൈവന്ന ശേഷം ജാതകപ്പൊരുത്തം നോക്കുമ്പോഴാണ് ദോഷങ്ങള്‍ കണ്ടെത്തുന്നതെന്ന് യുവാവ് പറയുന്നു. തടസം നിക്കുന്നത് അമ്മാവനാണെന്നും യുവാവ് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അമ്മാവന്റെ അനുവാദത്തോടു കൂടിയാണോ പ്രണയിച്ചതെന്നും, അന്ന് ജാതകം നോക്കിയരുന്നോ എന്നും ഹരിയും ചോദിക്കുന്നുണ്ട്. കബളിപ്പിച്ച് മുങ്ങാന്‍ ജാതകത്തെ കൂട്ടുപിടിക്കാതെ പോയി പറഞ്ഞ വാക്ക് പാലിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കുന്നുണ്ട്.