കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍, ആവശ്യമായ എല്ലാ അനുമതിയും ലഭിച്ചു; സൗദി എയര്‍ലൈന്‍സ്

എല്ലാ അനുമതിയും ലഭിച്ചുവെന്നും ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും സൗദിഎയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്. സര്‍വ്വീസ് തുടങ്ങാന്‍ ആവശ്യമായ എല്ലാ അനുമതിയും ലഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രയ്ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസും ബുക്കിംഗ് തുടങ്ങി.

കരിപ്പൂരില്‍ മൂന്ന് വര്‍ഷമായി നിലച്ച വലിയ വിമാനങ്ങളുടെ സര്‍വ്വീസാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. എല്ലാ അനുമതിയും ലഭിച്ചുവെന്നും ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും സൗദിഎയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ആദ്യം സര്‍വ്വീസ് തുടങ്ങുമെന്നാണ് സൂചന. കരിപ്പൂരിനൊപ്പം നിലവില്‍ തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസുകളും സൗദി എയര്‍ലൈന്‍സ് തുടരും.

മൂന്ന് വര്‍ഷം മുന്‍പാണ് റണ്‍വേ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിരോധിച്ചത്. സൗദി എയര്‍ലൈന്‍സിന് പുറമെ എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്നുള്ള സര്‍വ്വീസിന് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ആരംഭിച്ചു. അബുദബി, റിയാദ്, ദോഹ യാത്രക്കുള്ള ബുക്കിംഗാണ് തുടങ്ങിയത്.

Exit mobile version