കൊച്ചി: പിഎസ്‌സി പരീക്ഷത്തട്ടിപ്പ് കേസിലെ പ്രതികള്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. സംഭവത്തില്‍ മൂന്നാം പ്രതിയായ പ്രണവാണ് ആസൂത്രണത്തിന് പിന്നിലെന്ന് പ്രതികള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങള്‍ക്കിടയിലുണ്ടായ കത്തികുത്തുകേസിലെ പ്രതികളായ
ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ഇരുവരും കോപ്പിയടി സമ്മതിച്ചെങ്കിലും എങ്ങനെ ആസൂത്രണം നടത്തിയെന്ന് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
കോപ്പടിക്കുവേണ്ടി ഓണ്‍ലൈന്‍ വഴി വാച്ചുകള്‍ വാങ്ങിയെന്നാണ് സംശയിക്കുന്നത്. പരീക്ഷ തുടങ്ങിയ ശേഷം വാച്ചില്‍ ഉത്തരങ്ങള്‍ എസ്എംഎസ്സുകളായി വന്നുവെന്നാണ് ഇരുവരും പറഞ്ഞത്. പോലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഇടംനേടിയ പ്രണവിന്റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാന്‍ സഹായിച്ച പോലീസുകാരന്‍ ഗോകുലും സഫീറുമെന്നും ശിവരജ്ഞിത്തും നസീമും പറഞ്ഞു.
എന്നാല്‍ ഉത്തരങ്ങള്‍ അയ്യച്ചവര്‍ക്ക് പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഈ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. പിടികൂടാനുള്ള പ്രതികളുടെ മേല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമാണ് നടത്തുന്നത്. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലീസിന് പിടികൂടാനായിട്ടില്ല.
പരീക്ഷ തുടങ്ങിയ ശേഷം ചോര്‍ന്നുകിട്ടിയ ഉത്തകടലാസ് നോക്കി ഗോകുലും സഫീറും ചേര്‍ന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേര്‍ക്കും എസ്എംഎസ് വഴി നല്‍കിയെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കാനുള്ള സഹായം പ്രതികള്‍ക്ക് ലഭിച്ചുവെന്ന സംശയവും ബലപ്പെടുന്നുണ്ട്.