തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ പ്രധാന ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തല്‍. അഗ്നിശമന വിഭാഗത്തിന്റെ കണ്ടെത്തല്‍ ഇപ്പോഴും നടപടികളില്ലാതെ കിടക്കുകയാണ്.
തൃശ്ശൂര്‍ നഗരത്തില്‍ തീ പിടുത്തമുണ്ടായാല്‍ നഗരത്തിലെ തിക്കും തിരക്കും, ചെറു വഴികളും എപ്പോഴും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാണ്. കഴിഞ്ഞ ദിവസം എംജിറോഡില്‍ സ്പോര്‍ട്സ് സാമഗ്രികളുടെ വില്‍പ്പനശാലയില്‍ തീപിടുത്തമുണ്ടായത് അണയ്ക്കാന്‍ ഏറെ സമയമെടുത്തു.
ഗോഡൗണിനോട് ചേര്‍ന്നുള്ള തീപിടുത്തമായിരുന്നത് ആളപായമുണ്ടാക്കിയില്ലെങ്കിലും തീ അണക്കാന്‍ വൈകിയത് നാശനഷ്ടം കൂട്ടി. തീപിടുത്തമുണ്ടായ സ്ഥാപനത്തിലേക്ക് വരുന്നതിനിടയില്‍ പാതയോരത്തെ കാനയ്ക്ക് മുകളിലിട്ടിരുന്ന സ്ളാബിന്റെ വിടവില്‍ വാഹനത്തിന്റെ ടയര്‍ കുരുങ്ങിയതായിരുന്നു വലച്ചത്.
വാഹനത്തിലെ വെള്ളം മുഴുവന്‍ ചോര്‍ത്തി കളഞ്ഞായിരുന്നു പിന്നീട് വാഹനം ഇവിടെ നിന്നും കയറ്റിയത്. മാസത്തിലൊന്നെന്ന ക്രമത്തില്‍ തൃശ്ശൂര്‍ നഗരത്തിലെ സ്ഥാപനങ്ങളില്‍ ചെറുതും വലുതമായ തീ പിടുത്തങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിന് പ്രധാനമായും കാര്യക്ഷമമല്ലാത്ത വൈദ്യുതീകരണവും, സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്തതാണെന്ന് അഗ്നിശമന സേന തന്നെ പറയുന്നു.
കെട്ടിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കുന്നതിന് ‘ഓപറേഷന് അഗ്നി സുരക്ഷാ പദ്ധതി’യുടെ ഭാഗമായി തൃശ്ശൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഗ്നിസുരക്ഷാ സംവിധാനമൊരുക്കുന്നതില്‍ അതീവ സുരക്ഷാ വീഴ്ച നടത്തിയ 22 കെട്ടിടങ്ങളാണ് കണ്ടെത്തിയത്.
16 മീറ്ററിന് മുകളില്‍ ഉയരമുള്ള ഹോട്ടലുകള്‍, മാളുകള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്. തൃശ്ശൂര്‍ നഗരത്തിലെ രണ്ട് ആശുപത്രികളിലും അഗ്നിസുരക്ഷാ സൗകര്യമില്ലെന്നും കണ്ടെത്തിയിരുന്നു. മിക്കയിടത്തും പൊടുന്നനെയുള്ള തീപിടിത്ത സാഹചര്യങ്ങളില്‍ എളുപ്പം രക്ഷപ്പെടാനുള്ള ഫയര്‍ എക്സിറ്റുകള്‍ ഇല്ല. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട അഗ്നിശമന ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതോ നശിച്ചവയോ പ്രവര്‍ത്തന രഹിതമോ ആണ്.
തീ കെടുത്താന്‍ വെള്ളം സംഭരിച്ചു വെയ്ക്കേണ്ട സ്ഥാപനങ്ങളിലെ ടാങ്കില്‍ വെള്ളമില്ല. പല കെട്ടിടങ്ങളിലും സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന രീതിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ചില ഹോട്ടലുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നത് അപകടകരമായ അവസ്ഥയിലാണെന്നും കണ്ടെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ച് ഒന്നര മാസത്തോളമായിട്ടും ഇക്കാര്യത്തില്‍ ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല.
ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതിന് പുറമെ കളക്ടര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും കത്തു മുഖേന അഗ്നിശമന സേന ഈ വിവരം കൈമാറുകയും ചെയ്തിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാന്‍ പരിശോധന നടത്തുന്ന അഗ്നിശമന സേനയ്ക്ക് അധികാരമില്ലാത്തതിനാല്‍, ഈ നോട്ടീസിന് കെട്ടിട ഉടമകള്‍ വില കല്‍പ്പിക്കുന്നില്ല. മാത്രവുമല്ല, ഉന്നതോദ്യോഗസ്ഥരുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനവും ഒരു നടപടിക്കും കഴിയുന്നില്ലെന്നും പറയുന്നു.
Discussion about this post