രാജകുമാരി: ഏറെ കഷ്ടപ്പെട്ട് ജീവിക്കുന്ന കൂലിപ്പണിക്കാരനായ മാരുമുത്തുവിനെ തേടി സംസ്ഥാന ഭാഗ്യക്കുറിയുടെ രൂപത്തിൽ ഭാഗ്യദേവതയെത്തി. ഇന്നലെ നടന്ന കെഎൻ 279 കാരുണ്യ പ്ലസ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് എസ്റ്റേറ്റ് പൂപ്പാറ ലക്ഷം വീട് കോളനിയിലെ എം മാരിമുത്തുവിന് ലഭിച്ചത്. ഉപജീവനമാർഗ്ഗമായി കൂലിപ്പണിയെ ആശ്രയിച്ച് ജീവിക്കുന്ന മാരിമുത്തുവിനും കുടുംബത്തിനും ഏറെ ആശ്വസമായിരിക്കുകയാണ് ഈ സൗഭാഗ്യം.
രാജാക്കാട് അഞ്ജു ലോട്ടറി ഏജൻസിയുടെ പൂപ്പാറ ശാഖയിൽ നിന്നും വാങ്ങിച്ച പി സെഡ് 434795 നമ്പർ ലോട്ടറി ടിക്കറ്റിനാണ് മാരിമുത്തുവിന് സമ്മാനം ലഭിച്ചത്. പൂപ്പാറയിലെ ശബരിമുത്തുവെന്ന വിൽപ്പനക്കാരനിൽ നിന്നാണ് ടിക്കറ്റെടുത്തത്.
ലോട്ടറി കനിഞ്ഞ് അനുഗ്രഹിച്ചതോടെ കുടുംബം താമസിക്കുന്ന ഒന്നര സെന്റിലുള്ള കൊച്ചുകൂര പുതുക്കി പണിയണമെന്നാണ് മാരിമുത്തുവിന്റെ ആഗ്രഹം. പിന്നെ ഉപജീവനത്തിനായി കുറച്ച് ഏലത്തോട്ടം വാങ്ങണമെന്നും ആഗ്രഹമുണ്ട്. മകളെ കല്യാണം കഴിപ്പിച്ചുവിടാനായി വാങ്ങിച്ച കടം വീട്ടണമെന്നാണ് മാരിമുത്തുവിന്റെ ആഗ്രഹം.
സമ്മാനാർഹമായ ലോട്ടറി ഫെഡറൽ ബാങ്ക് രാജാക്കാട് ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണ്. അന്നലക്ഷ്മിയാണ് മാരിമുത്തുവിന്റെ ഭാര്യ. മക്കൾ: കൗസല്യ, കാർത്തിക്.
Discussion about this post