ദുബായ്: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് പിന്നാലെ അബുദാബിയില്‍ നിന്നും ആദ്യമായി പറന്നിറങ്ങുന്ന സ്വപ്‌ന വിമാനത്തെ വരവേല്‍ക്കാനൊരുങ്ങി നാട്ടുകാരും പ്രവാസികളും. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കു വിമാനമെത്തുമ്പോള്‍ പൂവണിയുന്നത് മൊയ്തു വലവീട്ടിലിന്റെ സ്വപ്‌നങ്ങള്‍ കൂടിയാണ്. ഡിസംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 1.30ന് യുഎഇ തലസ്ഥാന നഗരിയായ അബുദാബിയിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള ആദ്യഎയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഐഎക്‌സ്716 വിമാനത്തില്‍ കണ്ണൂര്‍ പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി മൊയ്തു വലവീട്ടിലുമുണ്ടായിരിക്കും, ആദ്യ യാത്രക്കാരിലൊരാളായി.
ദുബായിയില്‍ സ്വന്തമായി ബിസിനസ് ചെയ്യുന്ന മൊയ്തുവിന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തം നാട്ടിലെ വിമാനത്താവളം.അവിടേക്കു പറന്നിറങ്ങുന്ന ആദ്യ യാത്രാ വിമാനത്തില്‍ താനുണ്ടായിരിക്കണമെന്ന് മൊയ്തുവിന് അതുകൊണ്ട് തന്നെ നിര്‍ബന്ധമുണ്ടായിരുന്നു. കണ്ണൂരിലെ മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവളം വരുന്നു എന്ന് കേട്ടപ്പോള്‍ മനസില്‍ കുറിച്ചിട്ട തീരുമാനമായിരുന്നു ഇത്. തന്റെ വീട്ടില്‍നിന്ന് 40 കിലോമീറ്ററോളം ദൂരം മാത്രമേ വിമാനത്താവളത്തിലേയ്ക്കുള്ളൂ. തന്നെ പോലുള്ള സാധാരണക്കാരുടെ വലിയ മോഹമാണ് ഈ വിമാനത്താവളത്തിലൂടെ പൂവണിയുന്നതെന്ന് മൊയ്തു പറഞ്ഞു.
നേരത്തേ കോഴിക്കോട്, മംഗലാപുരം എന്നീ വിമാനത്താവളങ്ങളെയായിരുന്നു മൊയ്തു യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ ആരംഭിച്ചത് അറിഞ്ഞയുടന്‍ ദെയ്‌റ ഫിഷ് റൗണ്ടെബൗട്ടിനടുത്തെ എയര്‍ ഇന്ത്യാ ഓഫിസില്‍ ചെന്നെങ്കിലും വൈകിട്ട് വരാനായിരുന്നു നിര്‍ദേശം. തുടര്‍ന്നു പതിവായി ടിക്കറ്റെടുക്കാറുള്ള ബര്‍ദുബായിലെ അല്‍ മജാന്‍ ട്രാവല്‍സുമായി ബന്ധപ്പെട്ടു. ഉടന്‍ സ്ഥലത്തെത്താന്‍ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചെന്നയുടന്‍ ടിക്കറ്റെടുത്തു. 1,100 ദിര്‍ഹമാണ് വണ്‍വേ ടിക്കറ്റിന് ഈടാക്കിയത്. നിരക്ക് ഇത്തിരി കൂടുതലാണ്. പക്ഷേ ജന്മനാട്ടിലെ വിമാനത്താവളത്തിലെത്തുന്ന ആദ്യ വിമാനത്തില്‍ താനുമുണ്ടാകുമെന്ന കാര്യം ഭാര്യയും മക്കളുമടക്കമുള്ള കുടുംബാംഗങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നതായും അതിനാല്‍ തന്നെ നിരക്ക് വര്‍ധന താനത്ര കാര്യമാക്കുന്നില്ലെന്നും മൊയ്തു പറയുന്നു. മുന്‍പ് എമിറേറ്റ്‌സിന്റെ ജംബോ വിമാനമായ 380 ദുബായില്‍നിന്ന് മുംബൈയിലേക്ക് ആദ്യം പറന്നപ്പോള്‍ യാത്രക്കാരിലൊരാള്‍ ഇദ്ദേഹമായിരുന്നു.
കണ്ണൂര്‍ വിമാനത്തില്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങളൊക്കെ മൊയ്തു ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിന് കണ്ണൂരിലിറങ്ങുന്ന വിമാനത്തിലെ 186 യാത്രക്കാരിലൊരാളായി താനുണ്ടാകുമെന്നു മൊയ്തു നാട്ടുകാരെ അറിയി്ചുകഴിഞ്ഞു. 25 വര്‍ഷമായി മൊയ്തു പ്രവാസിയാണ്. ഇതിനകം ഒട്ടേറെ തവണ നാട്ടിലേയ്ക്കു യാത്രകള്‍ നടത്തി. അന്നൊന്നുമില്ലാത്ത ആകാംക്ഷയിലാണ് ഈ 55 കാരന്‍.